നാഗർകോവിൽ പള്ളി.
നാഗർകോവിൽ: നാഗർകോവിൽ വിശുദ്ധ അൽഫോൻസാ തീർഥാടന ദേവാലയത്തിലെ വിശുദ്ധ അൽഫോൻസാമ്മയുടെ വാർഷിക തിരുനാളിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. സനിൽ ജോൺ പന്തിച്ചിറയ്ക്കൽ അറിയിച്ചു. നാളെ വൈകുന്നേരം 6.30-ന് തക്കല രൂപത വികാരി ജനറാൾ മോൺ. ജോസ് മുട്ടത്തുപാടം കൊടിയേറ്റം നിർവഹിക്കുന്നതോടെ തിരുനാൾ ഔപചാരികമായി ആരംഭിക്കും. തുടർന്ന് കാരോട് സെന്റ് ജോസഫ് ദേവാലയത്തിലെ ഫാ. ജോർജ്കുട്ടി കണ്ടത്തിൽ പ്രത്യേക നവനാൾ നയിക്കും. കളിയൽ ഫൊറോന വികാരി ഫാ. മാത്യു അരേക്കളംസിഎംഐ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷ ദിവ്യബലി നടക്കും. ഫാ. ദേവദാസ് പണിയടിമൈ, ഫാ. മൈക്കിൾ ജോർജ് ബ്രൈറ്റ് എന്നിവർ സഹകാർമ്മികരായിരിക്കും. ഫാ. എഡ്മണ്ട് തിരുനാൾ സന്ദേശം നൽകും.
25 ന് രാവിലെ മുതൽ കന്യാകുമാരി ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവജനങ്ങളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പദയാത്രയായി വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിലെത്തി പ്രാർത്ഥനകളിൽ പങ്കെടുക്കും. തുടർന്ന് തക്കല രൂപത വികാരി ജനറാൾ മോൺ. ജോസ് മുട്ടത്തുപാടം മുഖ്യകാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാന അർപ്പിക്കും. നവനാൾ ഫാ. സാൻജോ തേനമ്പ്ലാക്കൽ നയിക്കും. ഫാ. വൈസിലിൻ സേവ്യർ തിരുനാൾ സന്ദേശം നൽകും. വൈകുന്നേരം നിത്തിരവിളൈ ഫൊറോനയുടെ നേതൃത്വത്തിൽ ഫാ. ജോസ് വയലിൽ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷ ദിവ്യബലി നടക്കും. നവനാൾ ഫാ. ജോസ് പുരയിടത്തുകുന്നേൽ നയിക്കും. ഫാ. ജോൺ ജോർഗൻസൺ തിരുനാൾ സന്ദേശം നൽകും.
26ന് രാവിലെ പുതുതായി തിരുപ്പട്ടം സ്വീകരിച്ച വൈദികരുടെ നേതൃത്വത്തിൽ റാസാ വിശുദ്ധ കുർബാന നടക്കും. ഫാ. ടോണി കല്ലംപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. മാത്യുക്കുട്ടി താണോലിൽ സിഎഫ്ഐസി സഹകാർമികനായിരിക്കും. നവനാൾ ഫാ. ബിബിൻ കോയിക്കക്കുടിയിൽ നയിക്കും. ഫാ. യൗസേപ്പ് വെട്ടക്കോണം തിരുനാൾ സന്ദേശം നൽകും.
വൈകുന്നേരം അൽഫോൻസാ ഇടവകയുടെ സമീപത്തുള്ള കോട്ടാർ ലത്തീൻ രൂപതയിലെ ഇടവകകളുടെ നേതൃത്വത്തിൽ ലത്തീൻ വിശുദ്ധ കുർബാന നടക്കും. ഫാ. ദേവദാസ് പണിയടിമൈ കാർമിത്വം വഹിക്കും. നവനാൾ . സുബിൻ പുത്തൻപുരയ്ക്കൽ നയിക്കും. ഫാ. മരിയ സൂസൈ വിൻസന്റ് തിരുനാൾ സന്ദേശം നൽകും.
27ന് നാഗർകോവിൽ ഫൊറോനയുടെ നേതൃത്വത്തിൽ സീറോ മലങ്കര കത്തോലിക്ക സഭയുടെ വിശുദ്ധ കുർബാന നടക്കും. നാഗർകോവിൽ ഫൊറോന വികാരി ഫാ. ജോൺകുമാർ മുഖ്യകാർമികത്വം വഹിക്കും. വിവിധ മലങ്കര ഇടവകകളിലെ വൈദികർ സഹകാർമികരായിരിക്കും. നവനാൾ ഫാ. പ്രിൻസ് ചെരിപ്പനാട്ട് നയിക്കും. ഫാ. ജസ്റ്റിൻ തിരുനാൾ സന്ദേശം നൽകും.
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിനമായ 28ന് രാവിലെ അൽഫോൻസാ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ഫാ. അജിൻ ജോസ് വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം തക്കല രൂപത ചാൻസലർ ഫാ. ആന്റണി ജോസ് നവനാൾ നയിക്കും. തുടർന്ന് കുംഭകോണം രൂപതാധ്യക്ഷൻ ഡോ. എ. ജീവാനന്ദം അമലനാഥൻ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷ ദിവ്യബലി നടക്കും. വിവിധ രൂപതകളിൽ നിന്നുള്ള വൈദികരും സന്യാസിനി-സന്യാസ സമൂഹാംഗങ്ങളും സഹകാർമികരായിരിക്കും.
29 മുതൽ ഓഗസ്റ്റ് 1 വരെ യഥാക്രമം തക്കല-പ്ലാങ്കലൈ, മഞ്ഞളുമൂട്, സൂസൈപുരം, പടത്താലുമൂട് ഫൊറോനകളുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന, നവനാൾ, തിരുനാൾ സന്ദേശം എന്നിവ നടക്കും. ഓഗസ്റ്റ് ഒന്നിന് ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്.
സമാപന ദിനമായ ഓഗസ്റ്റ് രണ്ടിന് രാവിലെ ഒന്പതിന് ഫാ. ഡോ. ജോഷി കുളത്തുങ്കൽ നവനാൾ നയിക്കും. തുടർന്ന് 9.30-ന് തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ എസ്ഡിബി മുഖ്യകാർമികത്വം വഹിക്കുന്ന പൊന്തിഫിക്കൽ ആഘോഷ ദിവ്യബലി നടക്കും. തക്കല രൂപതയിലെ എല്ലാ വൈദികരും സഹകാർമ്മികരായിരിക്കും.ഈ ദിവസം കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, വിരുതുനഗർ, മധുര, തൂത്തുക്കുടി തുടങ്ങിയ ജില്ലകളിൽനിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങൾ തീർഥാടനമായി വിശുദ്ധയുടെ സന്നിധിയിലെത്തും. ഉച്ചയ്ക്ക് 12.30-ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണവും തുടർന്ന് നേർച്ചവിരുന്നും ഉണ്ടായിരിക്കും.
വൈകുന്നേരം നാലിന് തക്കല രൂപതയുടെ മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള വൈദികരുടെയും സന്യാസ സമൂഹാംഗങ്ങളുടെയും നേതൃത്വത്തിൽ ഭക്തജനങ്ങൾ വിശുദ്ധ കുർബാനയിലും പ്രത്യേക പ്രാർത്ഥനകളിലും പങ്കുചേരും. ഫാ. സുമേഷ് വള്ളിയാംതടം മുഖ്യകാർമികത്വം വഹിക്കുന്ന നന്ദിയർപ്പണ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. തോമസ് ജെപനേഷ് നവനാൾ നയിക്കും. ഫാ. മാത്യു കുഴിഞ്ഞാലിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് കൊടിയിറക്കത്തോടെ തിരുനാൾ സമാപിക്കും.
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ വിശുദ്ധ കുർബാനയും വൈകുന്നേരം നവനാളും ആഘോഷ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങൾക്കായി നേർച്ചഭക്ഷണം, കുടിവെള്ളം, വാഹന പാർക്കിംഗ്, പ്രത്യേക ബസ് സൗകര്യം എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരുനാളിനുള്ള ഒരുക്കങ്ങൾ റെക്ടർ ഫാ. സനിൽ ജോൺ പന്തിച്ചിറയ്ക്കൽ, സഹവികാരി ഫാ. ബിബിൻ കോയിക്കക്കുടിയിൽ, തിരുനാൾ കമ്മിറ്റി ചെയർമാൻ അഗസ്റ്റിൻ തറപ്പേൽ, കൈക്കാരൻമാരായ ജോമോൻ ജോസഫ്, എസ്. സി. രാജ്കുമാർ, വിവിധ കമ്മിറ്റികളുടെയും ഇടവക വിശ്വാസികളുടെയും നേതൃത്വത്തിൽ പൂർത്തിയായതായി അറിയിച്ചു.