ലക്കിടി ഗവ.എല്‍പി സ്കൂള്‍.
വൈത്തിരി: പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ലക്കിടി ഗവ. എല്‍പി സ്കൂള്‍ യുപിയായി ഉയര്‍ത്തുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ കാട്ടുന്ന ഉദാസീനതയില്‍ പ്രതിഷേധം ശക്തം.
വിദ്യാഭ്യാസ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും അവഗണനയും ഭരണതലത്തിലെ ഇച്ഛാശക്തിയില്ലായ്മയുമാണ് സ്കൂളിന്റെ വികസനത്തിന് തടസമെന്ന് പ്രദേശവാസികള്‍ പറയുന്നു.
1961ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ലക്കിടിയിലെ സര്‍ക്കാര്‍ വിദ്യാലയം. പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. പ്രീ പ്രൈമറി മുതല്‍ നാലുവരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയം യുപിയാക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യം നിലവിലുണ്ട്. സ്കൂള്‍ അപ്ഗ്രേഡ് ചെയ്യണമെന്ന് നാട്ടുകാരും രക്ഷിതാക്കളും വിദ്യാലയ വികസന സമിതിയും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികള്‍ അവഗണ തുടരുകയാണ്. ലക്കിടിയില്‍ നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്ന കുട്ടികളുടെ തുടര്‍പഠനം പ്രതിസന്ധിയായി മാറുകയാണ്. സമീപത്ത് സര്‍ക്കാര്‍ യുപി സ്കൂള്‍ ഇല്ല. അഞ്ചാം ക്ലാസ് മുതല്‍ പഠനത്തിന് കുട്ടികളെ കിലോമീറ്ററുകള്‍ അകലെ വൈത്തിരിയിലും മറ്റുമുള്ള വിദ്യാലയങ്ങളില്‍ ചേര്ക്കേണ്ടിവരികയാണ്. ഇത് രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ഭാരത്തിനും ആശങ്കയ്ക്കും കാരണമാകുന്നുണ്ട്. പ്രാദേശിക തുടര്‍പഠന സൗകര്യത്തിന്റെ അഭാവം കുട്ടികളില്‍ ചിലരുടെയെങ്കിലും വിദ്യാഭ്യാസം പാതിവഴിയില്‍ നിലയ്ക്കുന്നതിനും ഇടയാക്കുന്നുണ്ട്. ലക്കിടി സ്കൂളിലെ പഠിതാക്കളില്‍ അധികവും പട്ടികവര്ഗത്തില്പ്പെട്ടതാണ്.