പ്രതീകാത്മക ചിത്രം
മഞ്ചേരി: ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന മഞ്ചേരി പോലീസ് സ്റ്റേഷനിൽ ജീവനക്കാരുടെ പരിമിതി പ്രവർത്തനം താളം തെറ്റിക്കുന്നു. ജോലി ഭാരം താങ്ങാനാകാതെ ഉദ്യോഗസ്ഥർ വിഷമിക്കുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാതലായ പ്രശ്നം. നേരത്തേ 41 പേർ ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് 37 പേരായി. ഇക്കഴിഞ്ഞ ദിവസം 17 പോലീസുകാരെയാണ് ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായി മാറ്റിയത്. പകരമെത്തിയത് കേവലം അഞ്ചു പേർ. മൂന്നു പേർകൂടി ഉടൻ എത്തുമെന്ന് പറയുന്നുവെങ്കിലും മഞ്ചേരിയെപ്പോലെ വിശാലമായ പ്രദേശത്ത് ഇത് മതിയാകില്ലെന്ന് ഉറപ്പ്. നിശ്ചയിച്ച ഡ്യൂട്ടി സമയത്തിനകം പോലീസുകാർക്ക് പൂർത്തിയാക്കാനാകുന്നില്ല.
നേരത്തേ മഞ്ചേരി പോലീസ് സ്റ്റേഷനു കീഴിൽ പ്രവർത്തിച്ചിരുന്ന ട്രാഫിക് യൂണിറ്റ് പിന്നീട് പ്രത്യേക സ്റ്റേഷനാക്കുകയായിരുന്നു. ഗതാഗതക്കുരുക്കു മൂലം വീർപ്പുമുട്ടുന്ന മഞ്ചേരിയിൽ സ്കൂൾ പരിസരങ്ങളിലും നാൽക്കവലകളിലും നേരത്തേ ഡ്യൂട്ടി ചെയ്തിരുന്ന പോലീസുകാരെ ഇപ്പോൾ കാണുന്നില്ല. സെൻട്രൽ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സിസ്റ്റം തകരാറിലായിട്ട് മാസങ്ങളായി. മഞ്ചേരി, നറുകര, പൂക്കോട്ടൂർ, പുൽപ്പറ്റ, ആനക്കയം, പയ്യനാട്, തൃക്കലങ്ങോട് തുടങ്ങി നിരവധി വില്ലേജുകൾ പരിധിയിൽ വരുന്ന മഞ്ചേരി സ്റ്റേഷനിലെ അംഗപരിമിതി സ്ഥിതിഗതികൾ രൂക്ഷമാക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ രൂപീകരിച്ച ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നിട്ട് കാലമേറെയായി.
ഈ സാഹചര്യത്തിലാണ് രണ്ട് എഎസ്ഐമാരും പത്ത് എസ്സിപിഒമാരുമടക്കം 17 പേരെ സ്ഥലം മാറ്റിയത്. കച്ചേരിപ്പടി, നെല്ലിപ്പറന്പ്, തുറക്കൽ, ജസീല ജംഗ്ഷനുകളിൽ രാത്രിയിൽപോലും രൂക്ഷമായ ഗതാഗതക്കുരുക്കാണ്. കിലോമീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഹോം ഗാർഡുമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഇത് മതിയായതല്ല.
കാലങ്ങളായി ജീർണാവസ്ഥയിൽ തുടരുന്ന മഞ്ചേരി ട്രാഫിക് പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ അവസ്ഥയും പരിതാപകരമാണ്. രണ്ടു നിലകളിലായി ഓടിട്ട കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാണ്.
നേരത്തേ മുകൾ നിലയിൽ ട്രാഫിക് സ്റ്റേഷനും താഴെ സിഐ ഓഫീസുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് സിഐ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ ട്രാഫിക് സ്റ്റേഷൻ താഴെ നിലയിൽ പ്രവർത്തനം തുടങ്ങി. കെട്ടിടത്തിന്റെ ഓടുകൾ വർഷങ്ങൾക്ക് മുന്പേ തകർന്നതാണ്. ചോർച്ച കാരണം നിന്നുതിരിയാനിടമില്ലാത്തെ ഓഫീസിൽ ഫയലുകൾ സൂക്ഷിക്കുന്നതും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.