മുഹമ്മദ് അസ്ജാർ
കഠിനംകുളം : രാസലഹരിയുമായി പിടിയിലായ യുവാവ് പോലീസുകാരുടെ കൈ തട്ടിമാറ്റി മതിൽ ചാടി രക്ഷപെട്ടു. പുതുക്കുറിച്ചി ചേരമാൻ തുരുത്ത് അസ്ജാർ മൻസിലിൽ മുഹമ്മദ് അസ്ജാർ (36) ആണ് പോലീസിനെ വെട്ടിച്ച് രക്ഷപെട്ടത്.
ഇയാളിൽ നിന്ന് രണ്ട് കവറുകളിലായി 87 ഗ്രാം എംഡിഎംഎ യും തൂക്കി നോക്കുന്ന ഇലക്ടോണിക് ത്രാസും രണ്ട് മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ താമസിക്കുന്ന പുതുക്കുറിച്ചിയിലെ വീട്ടിൽ ആറ്റിങ്ങൽ റൂറൽ ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. മുഹമ്മദ് അസ്ജാറിന്റെ കൈയ്യിൽ എംഡിഎംഎ ഉണ്ടെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി യ്ക്ക് വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ് സംഘം കഠിനംകുളം പോലീസിന്റെ സഹായത്തോടെ മുഹമ്മദ് അസ്ജാറിന്റെ വീട്ടിൽ പരിശോധന നടത്തിയത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച നിലയിൽ 87 ഗ്രാം എംഡിഎംഎയും അത് തൂക്കി ചെറിയ പൊതികളിലാക്കി വിൽക്കാനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും രണ്ട് മൊബൈൽ ഫോണും കണ്ടെടുത്തു. ഏകദേശം 4.5 ലക്ഷത്തോളം രൂപ വിലവരുന്ന രാസ ലഹരിയാണ് പിടിച്ചെടുത്ത തെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് അസ്ജാറിനെ സ്റ്റേഷനിൽ കൊണ്ട് പോകാൻ ജീപ്പിൽ കയറ്റുന്നതിനിടയിൽ പൊലീസുകാരുടെ കൈ തട്ടിമാറ്റി മതിൽ ചാടിക്കടന്ന് കായൽ വെട്ടുകളിലൂടെയും ചതുപ്പും നിറഞ്ഞ പ്രദേശത്തുകൂടി ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപെടുകയായിരുന്നു. പോലീസ് പിൻതുടർന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പോലീസ് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി.