പ്രതീകാത്മക ചിത്രം
നെയ്യാറ്റിന്‍കര : വാഹന പരിശോധനയ്ക്കിടയില്‍ കഞ്ചാവ് റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് കടത്തുകാര്‍ ആഢംബര കാറുമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ ധനുവച്ചപുരത്തിനു സമീപം നെടിയാംകോടായിരുന്നു സംഭവം. പോലീസിന്റെ പരിശോധന ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഞ്ചാവ് പായ്ക്കറ്റുകള്‍ അടങ്ങിയ ചാക്ക് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് കടത്തുസംഘം കാറുമായി അതിവേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു.
കാരക്കോണം ഭാഗത്തു നിന്നും അമരവിള ഭാഗത്തേയ്ക്കാണ് കഞ്ചാവ് കടത്തു സംഘം കാറിലെത്തിയത്. പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ ചാക്കില്‍ പത്തര കിലോഗ്രാം കഞ്ചാവുണ്ടായിരുന്നു. പോലീസും ഡാന്‍സാഫ് സംഘവും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്.
സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കടത്തു സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസും എക്സൈസും വ്യത്യസ്ത കേസുകളിലായി ഇക്കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ നിരവധി പേരെ പിടികൂടുകയും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.
കഞ്ചാവ് കൂടാതെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ പോലുള്ള ലഹരിപദാര്‍ഥങ്ങളും നെയ്യാറ്റിന്‍കര താലൂക്കിലെ പ്രദേശങ്ങളിലെത്തുന്നുണ്ട്. നെയ്യാറ്റിന്‍കര ടൗണ്‍ അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നുമാണ് എംഡിഎംഎ യുമായി ചിലര്‍ പിടിയിലായത്. ഇത്തരത്തില്‍ പിടിയിലാകുന്നവര്‍ താഴേത്തട്ടിലുള്ള കാരിയര്‍മാര്‍ മാത്രമാണെന്നതാണ് വാസ്തവം. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയാണ് ഈ ലഹരിപദാര്‍ഥങ്ങള്‍ വ്യാപകമായി കൊണ്ടുവരുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
Tags : Smugglers NattuVishasham DistrictNews