സന്തോഷിന്റെ മൃതദേഹത്തിനരികെ ഭാര്യ സിനി.
അതിരമ്പുഴ: ശയ്യാവലംബിയായി നീണ്ട 17 വർഷം സിനിയുടെ സ്നേഹപരിചരണം ഏറ്റുവാങ്ങിയ സന്തോഷ് വിട ചൊല്ലി. വിവാഹത്തിന്റെ സന്തോഷ നാളുകളിൽ തന്നെ ശയ്യാവലംബിയായ സന്തോഷിന്റെ സർവവുമായി ഭാര്യ സിനി ഇക്കാലമത്രയും കിടക്കയ്ക്കരികേ തന്നെയായിരുന്നു.
തടിവെട്ട് തൊഴിലാളിയായിരുന്നു അതിരമ്പുഴ മറാമ്പിൽ തടത്തിൽ സന്തോഷ് കുര്യൻ. ജോലിക്കിടെ മരം വീണ് നട്ടെല്ലിന് പരിക്കേറ്റ സന്തോഷ് കഴിഞ്ഞ 17 വർഷമായി കിടപ്പിലായിരുന്നു. അപകടത്തിന് മൂന്നു മാസം മുമ്പായിരുന്നു സന്തോഷിന്റെ വിവാഹം. സ്ലീവാപുരം ഇടത്തിനാൽ കുടുംബാംഗമായ സിനി അന്നു മുതൽ സന്തോഷിനെ ശുശ്രൂഷിച്ച് ഒപ്പമുണ്ട്. കുടുംബ ജീവിതത്തിന്റെ സന്തോഷമുഹൂർത്തങ്ങളെല്ലാം നഷ്ടപ്പെട്ട ദമ്പതികൾക്ക് പരിധിയില്ലാത്ത സ്നേഹസമർപ്പണത്തിന്റെ ഉദാത്ത മാതൃകയാകാൻ കഴിഞ്ഞു.
ചങ്ങനാശേരി ആർച്ച്ബഷപ് മാർ തോമസ് തറയിൽ കഴിഞ്ഞ ദിവസം സന്തോഷിനെ സന്ദർശിക്കാൻ എത്തിയിരുന്നു. സന്തോഷിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു.
Tags : farewell NattuVishasham DistrictNews