പ്രതീകാത്മക ചിത്രം
കോട്ടയം: നഗരസഭയില്‍ യുഡിഎഫ് ഭരണം നഷ്ടമായതോടെ പുതിയ ഭരണസമിതി രൂപീകരണത്തിനുള്ള കരുനീക്കങ്ങള്‍ സജീവമായി. നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കേരള കോണ്‍ഗ്രസ്-എമ്മിന്റെ നീക്കങ്ങളാണ് നിര്‍ണായകം.
വിപ്പ് ലംഘിച്ച് വോട്ടു ചെയ്ത കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ക്ക് പുതിയ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കാമെന്ന് കേരള കോണ്‍ഗ്രസ്-എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിജു പാലൂപ്പടവനും കോണ്‍ഗ്രസ് അംഗം ചെയര്പേഴ്സനാകുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന ടോണി തൈപ്പറമ്പിലും പറഞ്ഞതോടെയാണു ചര്‍ച്ചകള്‍ സജീവമായത്.
കോണ്‍ഗ്രസ് ചെയര്‍പേഴ്സനു പുറമെനിന്നുള്ള പിന്തുണയാണു കേരള കോണ്‍ഗ്രസ്-എം ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് അംഗമായ ആളെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫില്‍ സിപിഎം തയാറായില്ലെങ്കിലും ഭൂരിപക്ഷത്തിനു കുഴപ്പമുണ്ടാകില്ല. 26 അംഗ നഗരസഭയില്‍ 14 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരിക്കാം.
കോണ്‍ഗ്രസ് പുറത്താക്കിയ നാല് അംഗങ്ങളും കോണ്‍ഗ്രസ് വിമത മായാ രാഹുലും കൂടി അഞ്ച് അംഗങ്ങളുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മിനു 10 അംഗങ്ങളുമുണ്ട്. പുതിയ നീക്കം കേരള കോണ്‍ഗ്രസ്- എമ്മിന്റെ യുഡിഎഫിലേക്കുള്ള രാഷ്ട്രീയ പ്രവേശനമായി കാണുന്നവരുമുണ്ട്. അത്തരം കാര്യങ്ങള്‍ പാലായില്‍ ചര്‍ച്ചയാക്കേണ്ടെന്നും പാലായെ അനാഥമാക്കാതെ വികസന കാര്യത്തിനായി പിന്തുണ നല്കുന്നുവെന്നുമാണ് കേരള കോണ്‍ഗ്രസ്-എം ഉന്നത വൃത്തങ്ങള്‍ പറയുന്നത്.
വൈസ്ചെയര്‍പേഴ്സന്‍ മായാ രാഹുലിനെ ചെയര്‍പേഴ്സനാക്കി പുറമേനിന്നു പിന്തുണയ്ക്കാനാണു കേരള കോണ്‍ഗ്രസ്-എമ്മിന്റെ ആലോചന. ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. വൈസ് ചെയര്മാന് സ്ഥാനം കേരള കോണ്‍ഗ്രസ്- എമ്മിനു നല്കാന് കോണ്‍ഗ്രസിലെ വിമത കൗണ്‍സിലര്‍മാര്‍ക്ക് എതിര്‍പ്പില്ല.
ഇക്കാര്യത്തിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. നിലവിലെ ഭരണസമിതിക്കെതിരേ ശക്തമായി രംഗത്തുവന്ന ടോണി തൈപ്പറമ്പില്‍, ബിജു തോമസ് എന്നിവര്‍ക്കും എന്തെങ്കിലും സ്ഥാനങ്ങള്‍ നല്‍കിയേക്കും. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു, രജിത പ്രകാശ്, ടോണി തൈപ്പറമ്പില്‍, ബിജു മാത്യൂസ് എന്നിവരാണ് വിപ്പ് ലംഘിച്ച് സഭയില്‍ ഹാജരായതും എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതും.
വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി അച്ചടക്ക നടപടിയുമായി പാര്‍ട്ടി നേതൃത്വം മുന്നോട്ടുപോകുമോ എന്നത് കാത്തിരുന്നു കാണേണ്ടി വരും. ചെയര്‍പേഴ്സണ്‍ സ്ഥാനം വനിതയ്ക്ക് ആയതിനാല്‍ ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവരാനും സാധ്യതയുണ്ട്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരേ മത്സരിച്ചു വിജയിച്ച മായാ രാഹുലിനെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് വിമത കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കാനുള്ള സാധ്യത കുറവാണ്. വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുന്ന ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന് സ്വീകാര്യയാകുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.
കസേര നഷ്ടമായെങ്കിലും പാലായിലെ രാഷ്ട്രീയ പോരാട്ടം വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന സൂചനയാണ് സ്വതന്ത്ര മുന്നണിയും നല്‍കുന്നത്. അവിശ്വാസത്തെ പിന്തുണയ്ക്കാത്ത യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണ തുടര്‍ന്നും നേടാന്‍ സ്വതന്ത്ര കൂട്ടായ്മ ശ്രമിക്കുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews pala