Kerala
തൃശൂർ: സിപിഐ തള്ളിയ സി.സി. മുകുന്ദനെ നാട്ടിക സംവരണ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം. മറ്റു പാർട്ടികൾ തള്ളിയ പാഴ്വസ്തുക്കളെ മത്സരിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്ന് നേതാക്കൾ പ്രതികരിച്ചു.
നാട്ടിക മണ്ഡലത്തിൽ ഉൾപ്പെടുന്ന താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തൊറയൻ, കോണ്‍ഗ്രസ് നേതാവ് ഷൈൻ നാട്ടിക എന്നിവരാണു രംഗത്തുവന്നത്. താന്ന്യം മണ്ഡലം കമ്മിറ്റിയുടെയും കെപിസിസി വിചാർ വിഭാഗത്തിന്റെയും അഭിപ്രായമാണ് അറിയിക്കുന്നത്. സംവരണ മണ്ഡലമെന്ന നിലയിൽ മത്സരിക്കാൻ യോഗ്യരായ ഒരുപാടു ചെറുപ്പക്കാർ പാർട്ടിയിലുണ്ട്. അവർക്കുള്ള അവസരമാണു നഷ്ടപ്പെടുന്നത്. തിരുത്തലെന്ന നിലയിലാണ് അഭിപ്രായം പറയുന്നത്. പാർട്ടി മറിച്ചൊരു തീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കുമെന്നും ഇവർ പറഞ്ഞു.
അതേസമയം, താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്നു തെരഞ്ഞെടുപ്പിനു ശേഷം തെളിയിക്കുമെന്നു സി.സി. മുകുന്ദൻ പറഞ്ഞു. ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോടു പ്രതികരിക്കാനില്ല. ഗീതാ ഗോപിയുടേത് സ്പോണ്‍സേർഡ് സീറ്റാണ്. ഇതിനു പിന്നിൽ തന്റെ ശിഷ്യനാണോ എന്നും സംശയമുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്‍പേ ഗീതാ ഗോപി പ്രചാരണം തുടങ്ങിയെന്നും എന്തുകൊണ്ട് ഇക്കാര്യം പാർട്ടി അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ഗീതാ ഗോപിയുടെത് പേയ്മെന്റ് സീറ്റ് ആണെന്നും അദ്ദേഹം ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ട പണം പിരിച്ചു കൊടുക്കാനുള്ള ശേഷി തനിക്കില്ല. പത്തുകൊല്ലം എംഎൽഎ ആയിരുന്നശേഷം പാർട്ടിയും മണ്ഡലവും തള്ളിക്കളഞ്ഞയാളെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. അവർക്ക് വലിയ സ്പോണ്‍സർമാർ ഉണ്ട്. പാർട്ടി പുറത്താക്കും എന്ന ഉത്തമ ബോധ്യം തനിക്കുണ്ടെന്നും എനിക്കൊപ്പം നിൽക്കുന്നവരെ നേരത്തേ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.
Kerala
തൃശൂർ: സി.സി. മുകുന്ദൻ എംഎൽഎയുടേതു രാഷ്ട്രീയപാപ്പരത്തം നിറഞ നിലപാടാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ.
തന്നെ സ്ഥാനാർഥിയും എംഎൽഎയുമാക്കിയതു സിപിഐയും ഇടതുപക്ഷവുമാണെന്ന് അദ്ദേഹം മറന്നുപോയി. മുകുന്ദൻ എതിരാളികളുടെ കൈയിലെ കളിപ്പാവയായി മാറിയിരിക്കുന്നു.
നാട്ടിക നിയമസഭാമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ആഴത്തിൽ വേരുകളുള്ള മണ്ഡലമാണ്. സംസ്ഥാനത്തെ ഇടതുപക്ഷസർക്കാരിന്റെ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിൽ ഉണ്ടാക്കിയ സ്വീകാര്യത ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
വലതുകൂടാരത്തിൽ അഭയം തേടാനുള്ള സി.സി. മുകുന്ദന്റെ നീക്കം ഒരു തരത്തിലും എൽഡിഎഫിനെ ബാധിക്കില്ലെന്നും അബ്ദുൾ ഖാദർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.