അന്തിക്കാട് (തൃശൂർ): സിപിഐ പുറത്താക്കിയ സി.സി. മുകുന്ദനെ നാട്ടിക സംവരണമണ്ഡലത്തിൽ സ്ഥാനാർഥിയാക്കരുതെന്ന ആവശ്യവുമായി കോണ്‍ഗ്രസിന്റെ പ്രാദേശികനേതൃത്വം രംഗത്ത്.
മറ്റു പാർട്ടികൾ തള്ളിയ പാഴ്വസ്തുക്കളെ മത്സരിപ്പിക്കുന്നതിനോടു യോജിപ്പില്ല. നാട്ടിക മണ്ഡലത്തിൽ ഉൾപ്പെടുന്ന താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തൊറയൻ, കോണ്‍ഗ്രസ് നേതാവ് ഷൈൻ നാട്ടിക എന്നിവരാണു രംഗത്തുവന്നത്.
താന്ന്യം മണ്ഡലം കമ്മിറ്റിയുടെയും കെപിസിസി വിചാർ വിഭാഗത്തിന്റെയും അഭിപ്രായമാണ് അറിയിക്കുന്നത്. സംവരണമണ്ഡലമെന്ന നിലയിൽ മത്സരിക്കാൻ യോഗ്യരായ ഒരുപാടു ചെറുപ്പക്കാർ പാർട്ടിയിലുണ്ട്. അവർക്കുള്ള അവസരമാണു നഷ്ടപ്പെടുന്നത്. തിരുത്തലെന്ന നിലയിലാണ് അഭിപ്രായം പറയുന്നത്. പാർട്ടി മറിച്ചൊരു തീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കുമെന്നും ഇവർ വ്യക്തമാക്കി.
താൻ ഉപയോഗമുള്ള ആളാണോ, ഉപയോഗശൂന്യനായ ആളാണോ എന്നു തെരഞ്ഞെടുപ്പിനുശേഷം തെളിയിക്കുമെന്നു സി.സി. മുകുന്ദൻ പ്രതികരിച്ചു. “ആരെങ്കിലും വിവരമില്ലാതെ പറയുന്നതിനോടു പ്രതികരിക്കാനില്ല. ഗീത ഗോപിയുടേതു സ്പോണ്‍സേര്‍ഡ് സീറ്റാണ്. ഇതിനു പിന്നിൽ എന്റെ ശിഷ്യനാണോ എന്നും സംശയമുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിനുമുന്‍പേ ഗീത ഗോപി പ്രചാരണം തുടങ്ങി. എന്തുകൊണ്ട് ഇക്കാര്യം പാർട്ടി അറിയിച്ചില്ല’’ - അദ്ദേഹം ചോദിച്ചു.
ഗീത ഗോപിയുടേതു പെയ്മെന്റ് സീറ്റ് ആണെന്നും മുകുന്ദൻ ആവർത്തിച്ചു. പത്തുകൊല്ലം എംഎൽഎ ആയിരുന്നശേഷം പാർട്ടിയും മണ്ഡലവും തള്ളിക്കളഞ്ഞയാളെയാണ് വീണ്ടും മത്സരിപ്പിക്കുന്നത്. അവർക്കു വലിയ സ്പോണ്‍സർമാർ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.