ന്യൂഡൽഹി: ഉപഭോക്താക്കളിൽ നിന്ന് വഞ്ചനാപരമായ രീതിയിൽ അധിക തുക ഈടാക്കാൻ ശ്രമിച്ചതിന് പ്രമുഖ റൈഡ് ഷെയറിംഗ് പ്ലാറ്റ്ഫോമായ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. റൈഡ് ബുക്ക് ചെയ്തതിന് ശേഷവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉയർന്ന നിരക്ക് നൽകാൻ നിർബന്ധിക്കുന്ന 'ഡാർക്ക് പാറ്റേണുകൾ' ഉപയോഗിച്ചതിനാണ് നടപടി.
ഉപഭോക്താക്കൾ നിശ്ചിത നിരക്കിൽ റൈഡ് ബുക്ക് ചെയ്തു കഴിഞ്ഞാൽ, "ഡ്രൈവർമാർ 60 രൂപയ്ക്ക് റൈഡ് സ്വീകരിക്കുന്നില്ല, 10, 20 അല്ലെങ്കിൽ 30 രൂപ കൂടി നൽകൂ" എന്ന തരത്തിലുള്ള സന്ദേശങ്ങൾ ആപ്പിൽ കാണിച്ചിരുന്നു. കൂടുതൽ തുക നൽകിയില്ലെങ്കിൽ യാത്ര ലഭിക്കില്ലെന്ന ഭയം ഉണ്ടാക്കുന്ന ഈ തന്ത്രത്തെ 'കൺഫേം ഷേമിംഗ്' എന്ന് സിസിപിഎ വിശേഷിപ്പിച്ചു.
യാത്രാനിരക്ക് സ്വയം നിശ്ചയിക്കാനുള്ള ആപ്പിലെ 'സെറ്റ് യുവർ പ്രൈസ്' സംവിധാനത്തിൽ, നിരക്ക് കൂട്ടുമ്പോൾ പച്ച നിറത്തിൽ "റൈഡ് ലഭിക്കാൻ ഉയർന്ന സാധ്യത" എന്ന് കാണിക്കുകയും, നിരക്ക് കുറയ്ക്കുമ്പോൾ ചുവപ്പോ ഓറഞ്ചോ നിറത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് ഉപഭോക്താക്കളുടെ തീരുമാനങ്ങളെ കാഴ്ചയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണെന്ന് കണ്ടെത്തി.
ടിപ്പ് എന്നത് സേവനം പൂർത്തിയായ ശേഷം നൽകേണ്ട ഒന്നാണെന്നും, യാത്രയ്ക്ക് മുമ്പ് തന്നെ അധിക തുക ടിപ്പായി നൽകാൻ ആപ്പ് പ്രേരിപ്പിക്കുന്നത് 2025-ലെ മോട്ടോർ വെഹിക്കിൾ അഗ്രിഗേറ്റർ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ റാപ്പിഡോ നൽകിയ വിശദീകരണം തള്ളിക്കളഞ്ഞ സിസിപിഎ, സമാനമായ പരാതികളിൽ ഒല, യൂബർ എന്നീ കമ്പനികൾക്കെതിരെയുള്ള അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി.