എഐ ചിത്രം
ന്യൂഡൽഹി: ഓൺലൈൻ ഷോപ്പിംഗിലും ടിക്കറ്റ് ബുക്കിംഗിലും ഉപയോക്താക്കളെ വഴിതെറ്റിക്കുന്ന തരത്തിലുള്ള രൂപകല്പനകൾ (Dark Patte rns) ഉപയോഗിച്ച പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരേ കർശന നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (സിസിപിഎ).
സെപ്റ്റോ, ബുക്ക് മൈ ഷോ, ഇൻഡിഗോ, ഫിസിക്സ് വാല അടക്കം ഒമ്പത് മുൻനിര ആപ്പുകൾക്ക് ഏകദേശം 20 ലക്ഷം രൂപയോളം പിഴ ചുമത്തിയതായി കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചു.
ഉപയോക്താക്കളുടെ സമ്മതമില്ലാതെ അധിക തുക ഈടാക്കൽ, തീരുമാനങ്ങളെ വൈകാരികമായി സ്വാധീനിക്കൽ തുടങ്ങിയ വഞ്ചനാപരമായ ഡിസൈനുകൾക്കെതിരേയാണ് നടപടി.
പ്രധാന കമ്പനികളും കണ്ടെത്തിയ നിയമലംഘനങ്ങളും:
സെപ്റ്റോ (Zepto): ആദ്യഘട്ടത്തിൽ കാണിക്കുന്ന തുകയ്ക്കു പുറമെ അവസാന നിമിഷം ഹാൻഡ്ലിംഗ് ചാർജുകളും മെംബർഷിപ്പ് ഫീസും ഒളിപ്പിച്ചു ചേർക്കുന്ന ‘ഡ്രിപ്പ് പ്രൈസിംഗ്’ (Drip Pricing), അനുമതിയില്ലാതെ ബാസ്കറ്റിലേക്ക് സേവനങ്ങൾ ചേർക്കുന്ന ‘ബാസ്കറ്റ് സ്നീക്കിംഗ്’ (Basket Sneaking) എന്നിവ കണ്ടെത്തിയതിനെ തുടർന്ന് ഏഴു ലക്ഷം രൂപ പിഴ ചുമത്തി.
ബുക്ക് മൈ ഷോ (BookMyShow): ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ‘ബുക്ക് എ സ്മൈൽ’ ചാരിറ്റിയിലേക്കുള്ള ഒരു രൂപ സംഭാവന ഉപയോക്താവിന്റെ അനുമതിയില്ലാതെ തനിയെ സെലക്ട് ആയി കിടക്കുന്ന രീതി (Pre-ticked box) മാറ്റാൻ നിർദേശം നൽകി.
ഇൻഡിഗോ (IndiGo): അധിക സേവനങ്ങൾ വേണ്ട എന്ന് വയ്ക്കുമ്പോൾ ഉപയോക്താക്കളിൽ കുറ്റബോധമോ ഭയമോ ഉണ്ടാക്കുന്ന രീതിയിലുള്ള ‘കൺഫേം ഷെയ്മിംഗ്’ (Confirm Shaming) സന്ദേശങ്ങൾ ഉപയോഗിച്ചതിനാണ് നടപടി. ‘No, I will take risk’ എന്ന വാചകത്തിന് പകരം ‘No, I will not add to the trip’’ എന്നു മാറ്റാൻ നിർദേശിച്ചു.
ഫിസിക്സ് വാല (Physics Wallah): ചാരിറ്റി ഫണ്ടിലേക്ക് 10 രൂപ തനിയെ കൂട്ടിച്ചേർത്തതിനും സൗജന്യ കോഴ്സുകൾക്ക് മുന്പ് വ്യക്തിഗത വിവരങ്ങൾ നിർബന്ധമാക്കിയതിനും അഞ്ചു ലക്ഷം രൂപ പിഴ ചുമത്തി.
ഇവർക്ക് പുറമെ ഫസ്റ്റ്ക്രൈ, ഫാം ഈസി, മക്കാഫി, സ്പൈസ് ജെറ്റ്, അനുജ് ജിൻഡാൽ എന്നീ പ്ലാറ്റ്ഫോമുകൾക്കും ഒന്നു മുതൽ മൂന്നു വരെ ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. 2023ലെ ‘ഡാർക്ക് പാറ്റേൺ പ്രതിരോധ മാർഗനിർദേശങ്ങൾ’ പ്രകാരം വ്യാജ തിരക്ക് കാണിക്കൽ, സബ്സ്ക്രിപ്ഷൻ കെണികൾ, ഒളിപ്പിച്ചുവച്ച ചാർജുകൾ എന്നിവയുൾപ്പെടെ 13 തരം വഞ്ചനാപരമായ രീതികൾ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്.
Tags : CCPA Fines Apps Defrauding Users DarkPatterns Business