പുതുപ്പള്ളി: വിവിധ വകുപ്പുകള് തമ്മിലുള്ള ഏകോപനമില്ലായ്മയാണു പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം വൈകിക്കുന്നതെന്ന് ചാണ്ടി ഉമ്മന് എംഎല്എ. തന്റെ നേതൃത്വത്തില് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്ന്നു. പ്രവൃത്തികള് ഉടന് ചെയ്തു തീര്ക്കാമെന്നു ധാരണയായി. ഇതിനായി മൂന്നു മാസത്തെ സമയം ഉദ്യോഗസ്ഥര് ചോദിച്ചെന്നും ചാണ്ടി ഉമ്മന് കോട്ടയം പ്രസ് ക്ലബ്ബില് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.
പുതുപ്പള്ളി മണ്ഡലത്തിലെ റോഡുകളുടെ കാര്യത്തില് വിട്ടുവീഴ്ചയില്ല. സമരപാത സ്വീകരിക്കാത്തത് ഉദ്യോഗസ്ഥരുടെ സമീപനത്തില് മാറ്റം വന്നതിനാലാണ്. പുതുപ്പള്ളി മണ്ഡലത്തിലെ റോഡുകള് തെരഞ്ഞുപിടിച്ചു നിര്മാണം മുടക്കുകയായിരുന്നു. കഴിഞ്ഞ പത്തു വര്ഷത്തെ സര്ക്കാര് പുതുപ്പള്ളി മണ്ഡലത്തോടു ചെയ്തത് കൊടിയ വഞ്ചനയാണ്. മണ്ഡലത്തിലെ റോഡുകളിലേക്കു പ്രവേശിക്കുന്നസ്ഥലം മുതല് മോശമായ അവസ്ഥയിലാണ്. മന്ദിരം ജംഗ്ഷന്, നാലുന്നാക്കല്, വാഴൂര്, അയര്ക്കുന്നം തുടങ്ങിയ സ്ഥലങ്ങള് വരെയുള്ള റോഡുകള് നവീകരിച്ചു. ഇവിടെനിന്നും പുതുപ്പള്ളിയിലേക്കുള്ള ഒറ്റ റോഡ് പോലും പുതുക്കിപ്പണിതില്ല. കഴിഞ്ഞ തവണത്തെ പഞ്ചായത്ത് ഭരണസമിതികള് റോഡ് നിര്മാണത്തോട് മുഖംതിരിഞ്ഞു നിന്നു. മണ്ഡലത്തിലെ റോഡുകള് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് താറുമാറായിരുന്നു. ഇതിനു പരിഹാരമായി പുതുപ്പള്ളിയില് പുതിയ സെക്ഷന് ഓഫീസ് ആരംഭിക്കണമെന്നും ചാണ്ടി ഉമ്മന് ആവശ്യപ്പെട്ടു.
ക്രിക്കറ്റ് സ്റ്റേഡിയം നിര്മാണം ഉടന്
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ക്രിക്കറ്റ് സ്റ്റേഡിയം നിര്മാണം ഉടന് ആരംഭിക്കും. പുതുപ്പള്ളിയെ സ്പോട്സ് സിറ്റിയാക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാണ് ഉദ്യേശിക്കുന്നത്. ഇതിനായി പണം ആവശ്യമെങ്കില് സമാഹരിക്കും. ആഗോളതലത്തില് പണം സ്വരൂപിക്കാനും നല്കാനും കായികപ്രേമികള് ഉള്പ്പെടെയുള്ളവര് സന്നദ്ധമാണ്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ നിലവാരവും ഉയര്ത്തും. നാലു വര്ഷത്തിനുള്ളില് സ്റ്റേഡിയം നിര്മാണം പൂര്ത്തികരിക്കും.
അഞ്ച് ലാഫിംഗ് ക്ലബ്ബുകള്
പുതുപ്പള്ളി മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില് ലാഫിംഗ് ക്ലബുകള് ആരംഭിക്കും. പാമ്പാടി, പുതുപ്പള്ളി, വാകത്താനം, മണര്കാട്, അകലക്കുന്നം പഞ്ചായത്തുകളിലാണ് ക്ലബ്ബുകള് ആരംഭിക്കുക. ഇതിനായി ഓരോ ക്ലബ്ബിനും പത്തു ലക്ഷം രൂപ വീതം അനുവദിക്കും. പുതുപ്പള്ളിയിലെ ക്ലബ് പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തോട് അനുബന്ധിച്ചാകും നിര്മാണം നടത്തുക.