കൽപ്പറ്റ: ചാണ്ടി ഉമ്മൻ എംഎൽഎ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മരിയനാട് ആദിവാസി ഭൂസമര കേന്ദ്രം സന്ദർശിക്കും.
കുടിലുകളുടെ ചോർച്ച തടയുന്നതിന് സമരകേന്ദ്രത്തിലെ 70 കുടുംബങ്ങൾക്ക് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ലഭ്യമാക്കിയ പ്ലാസ്റ്റിക് ഷീറ്റുകളുടെ വിതരണം അദ്ദേഹം നിർവഹിക്കും. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിൽ പാന്പ്രയ്ക്കു സമീപമാണ് മരിയനാട്. ഇവിടെ വനം വികസന കോർപറേഷന്റെ അധീനതയിലായിരുന്ന കാപ്പിത്തോട്ടത്തിലാണ് ഭൂരഹിത പട്ടികവർഗ കുടുംബങ്ങൾ ഭൂസമരം നടത്തുന്നത്.
കൃഷിക്കും വാസത്തിനും യോജിച്ച ഭൂമി കാത്തുമടുത്ത ആദിവാസി കുടുംബങ്ങളാണ് മരിയനാടിൽ സമരമുഖത്ത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളാണ് കാപ്പിത്തോട്ടത്തിൽ കുടിൽകെട്ടി താമസമാക്കിയ കുടുംബങ്ങളിൽ ഏറെയും. 2022 മെയ് 31നു ആരംഭിച്ചതാണ് സമരം.
233 ഹെക്ടർ വരുന്നതാണ് മരിയനാട് കാപ്പിത്തോട്ടം. ഇതിൽ 135 ഹെക്ടർ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നേരത്തേ സമരം ചെയ്ത പട്ടികവർഗ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ബാക്കി 98 ഹെക്ടറിലാണ് പിന്നീട് കുടിൽകെട്ടൽ നടന്നത്. മുത്തങ്ങ ഭൂസമരത്തിനുശേഷം കേന്ദ്ര സർക്കാർ ആദിവാസി പുനരധിവാസത്തിന് കൈമാറിയ 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ ഉൾപ്പെട്ടതാണ് മരിയനാട് തോട്ടം.
"ആദിവാസി പുനരധിവാസത്തിന് മാറ്റിവച്ച ഭൂമി’ എന്ന ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വനം വികസന കോർപറേഷന്റെ തൊഴിലാളികളായിരുന്ന ചിലരും തോട്ടത്തിൽ താമസമുണ്ട്.ഒരു ഏക്കർ വീതം 200 ഓളം കുടുംബങ്ങൾക്കു വിതരണം ചെയ്യുന്നതിനു പര്യാപ്തമായ ഭൂമി മരിയനാട് തോട്ടത്തിലുണ്ട്. സമരകേന്ദ്രത്തിൽ ആദിവാസികൾ കെട്ടിയ കുടിലുകളിൽ പലതും മഴയത്ത് ചോർന്നൊലിക്കുകയാണ്.
ഇത് ശ്രദ്ധയിൽപ്പെട്ടാണ് ഫൗണ്ടേഷൻ ഇടപെടലെന്ന് വൈസ് ചെയർമാൻ പി.ടി. ജോണ് പറഞ്ഞു. ഫൗണ്ടേഷൻ നേരത്തേ മരിയനാടിലെ ഏതാനും കുടുംബങ്ങൾക്ക് കുടിൽ പുതയ്ക്കുന്നതിന് പ്ലാസ്റ്റിക് ഷീറ്റ് നൽകിയിരുന്നു.
Tags : Nattuvishesham Local News Chandy Umman