ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാംകൃഷി ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ സീസണുകളിൽ കർഷകർ നേരിട്ട പ്രധാന കീട-രോഗബാധകൾക്കെതിരേ നിലമൊരുക്കുന്ന ഘട്ടം മുതൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്ന് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ വിളവെടുപ്പുകളിൽ വലിയതോതിൽ വിളനഷ്ടമുണ്ടാക്കിയ തണ്ടുതുരപ്പൻ, ഓലചുരുട്ടി, ബാക്ടീരിയൽ ഇലകരിച്ചിൽ എന്നിവയെ പ്രതിരോധിക്കാനും പാടങ്ങളിലെ ലവണാംശം, അമ്ലത എന്നിവ ക്രമീകരിക്കാനും കർഷകർ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
പ്രധാന നിർദേശങ്ങൾ ലവണാംശം കുറയ്ക്കൽ
പാടങ്ങളിൽ ലവണാംശം മൂലമുള്ള വിളനഷ്ടം ഒഴിവാക്കാൻ രണ്ടാം കൃഷി ജൂൺ മാസത്തിൽ തന്നെ ആരംഭിക്കേണ്ടതാണ്. പുഞ്ചകൃഷി നവംബറിൽ ആരംഭിക്കുകയും വേണം.
അമ്ലത ക്രമീകരണവും കുമ്മായ പ്രയോഗവും
അമ്ലത കൂടിയ പാടങ്ങളിലാണ് തവിട്ടുപുള്ളിക്കുത്തും നെന്മണിയിലെ കറവലും കൂടുതലായി കാണുന്നത്. ഇത് പരിഹരിക്കാൻ നിലമൊരുക്കുമ്പോൾ വെള്ളം വാർത്തുകളഞ്ഞ് ഏക്കറിന് 150 കിലോ കുമ്മായം, 80 കിലോ ഡോളോമൈറ്റ്, 100 കിലോ കാത്സ്യം സിലിക്കേറ്റ് എന്നിവയിലേതെങ്കിലും ചേർത്ത് കളകളും കച്ചിക്കുറ്റിയും ഉഴുതു ചേർക്കണം.
48 മണിക്കൂറിന് ശേഷം വെള്ളം കയറ്റി കഴുകിക്കളയണം. മനുരത്ന, ജ്യോതി ഇനങ്ങൾ കൃഷി ചെയ്യുന്നവരും മുൻപ് ബ്ലാസ്റ്റ്, ഓലകരിച്ചിൽ എന്നിവ ബാധിച്ച പാടങ്ങളിലും കാത്സ്യം സിലിക്കേറ്റ് ഉപയോഗിക്കുന്നത് ഉചിതമാണ്. നിലം നിരപ്പാക്കിയശേഷം കൃത്യമായ ജലനിർഗമനത്തിനായി നിശ്ചിത അളവിൽ വാച്ചാലുകളും കച്ചാലുകളും എടുക്കണം.
കളനിയന്ത്രണം
കളകളുടെ ഇനം നോക്കി യോജിച്ച കളനാശിനി തെരഞ്ഞെടുക്കുക. ശിപാര്‍ശ ചെയ്ത അളവില്‍ മാത്രം കളനാശിനി പ്രയോഗിക്കുക. 45 ദിവസം വരെ കളശല്യമില്ലാതെ ശ്രദ്ധിക്കേണ്ടതാണ്. നിലമൊരുക്കിയതിനുശേഷം നെല്‍വിത്ത് വിതയ്ക്കാതെ മണ്ണിന്റെ ഉപരിതലത്തിലുള്ള വരിനെല്ലിന്റെ വിത്തുകള്‍ മുളയ്ക്കാനനുവദിക്കുക. പാടത്തു വരിനെല്ലിന്റെ വിത്തുകളൊക്കെ മുളച്ച് പൊന്തി ഓരാഴ്ചക്കുശേഷം വരിനെല്ലിന്റെ ചെടികളെ പാടത്തുതന്നെ ഉഴുതുചേര്‍ക്കാം.
അല്ലെങ്കില്‍ ഗ്ലൂഫോസിനേറ്റ് അമോണിയം 15 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലര്‍ത്തി തളിച്ചും വരി/കളനെല്ച്ചെടികളെ നശിപ്പിക്കാവുന്നതാണ്. നാലഞ്ചുദിവസം കഴിയുമ്പോഴേക്കും കളനാശിനി തളിച്ചതുമൂലം മഞ്ഞനിറമായ വരിനെല് ചെടികളെ പാടത്ത് വെള്ളം കയറ്റി ഉഴുതു ചേര്‍ക്കുന്നതും ഫലപ്രദമാണ്.
പത്തു ദിവസം കഴിഞ്ഞ് വെള്ളം വാര്‍ത്തുകളഞ്ഞ് മുളപ്പിച്ച നെല്‍വിത്ത് പാടത്ത് നേരിട്ട് വിതയ്ക്കാവുന്നതാണ്. വരി/കളനെല്ലിന്റെ ശല്യം വളരെ അധികമായിട്ടുള്ള പാടങ്ങളില്‍ ഒരു സീസണില്‍ നെല്കൃഷിയെടുക്കാതെ മേല്പ്പറഞ്ഞരീതി പലതവണ ആവര്‍ത്തിച്ച് മണ്ണിലുള്ള വരി/കള നെല്ലിന്റെ വിത്തുകള്‍ പരമാവധി നശിപ്പിക്കാവുന്നതാണ്.
വിത്ത് പരിചരണം
ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണോസ് ഫ്ളൂറസെന്‍സ്, 10 ഗ്രാം ബാസിലസ് സബ്റ്റിലിസ് എന്നിവ ചേര്‍ത്ത് വിത്തുപചാരം നടത്തുന്നത് നല്ലതാണ്. ഇതിനോടൊപ്പം ഒരു ഏക്കറിലേക്ക് 40 കിലോ. വിത്തിന് 240 ഗ്രാം വീതം അസോസ്പൈറില്ലം, ഫോസ്ഫോബാക്ടീരിയം എന്നിവ കൂടി ചേര്‍ത്ത് വിത്ത് കിളുര്പ്പിക്കാവുന്നതാണ്.
തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നിവയുടെ നിയന്ത്രണം
പാടം നല്ലവണ്ണം ഉഴുത് വെള്ളം കെട്ടി നിര്‍ത്തി പുഴുക്കളെയും സമാധിദശയെയും നശിപ്പിക്കുക. ശലഭങ്ങളെയും മുട്ടക്കൂട്ടങ്ങളെയും നശിപ്പിക്കുന്നതാണ് ഏറ്റവും ഫലപ്രദം. രാസകീടനാശിനിപ്രയോഗം തണ്ടുതുരപ്പന്‍ ഫലപ്രദമല്ല. മുട്ടകളുടെയും പുഴുക്കളുടയും പരാദീകരണം കഴിഞ്ഞ വിള സീസണില്‍ കുറവായിരുന്നു. അത് കൂടുതല്‍ നാശനഷ്ടത്തിനു കാരണമായി. വിളക്ക് കെണികള്‍ സ്ഥാപിച്ച് ശലഭങ്ങളെ നശിപ്പിക്കുക.
മുട്ടക്കാര്‍ഡുകള്‍ ഉപയോഗിക്കുക
തണ്ടുതുരപ്പന്‍ ട്രൈക്കോഗ്രാമ ജപ്പോണിക്കം, ഓലചുരുട്ടിയ്ക്ക് ട്രൈക്കോഗ്രാമ ചിലോണിസ് എന്ന പരാദത്തിന്റെ മുട്ടക്കാര്ഡുകളാണ് ഉപയോഗിക്കേണ്ടത്. പറിച്ചു നട്ട് 7-10 മുതലും വിതച്ച് 25 ദിവസം മുതലും മുട്ടക്കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതാണ്. ഒരേക്കറിന് രണ്ട് കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. ഓരോ കാര്‍ഡും പത്ത് തുല്യ കഷണങ്ങളാക്കി പാടത്തിന്റെ വിവിധ ഭാഗങ്ങളില്‍ വയ്ക്കേണ്ടതാണ്. മുട്ടക്കാര്ഡിന്റെ കഷണങ്ങള്‍ പ്ലാസ്റ്റിക്ക് കപ്പിനുള്ളിലോ, തെങ്ങോലയുടെഅടിവശത്തോ സ്റ്റേപ്പിള്‍ ചെയ്ത് മഴകൊള്ളാതെ വെയ്ക്കേണ്ടതാണ്. വേനല്‍ കാലത്ത് മുട്ടക്കാര്‍ഡുകള്‍ നെല്ലോലകളില്‍ നേരിട്ട് സ്റ്റേപ്പിള്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന കീടനിരീക്ഷണകേന്ദ്രവുമായി 9383470696 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.