ഡോ. ബീന
വെഞ്ഞാറമൂട് : ഹോമിയോപ്പതി ചികിത്സയിലൂടെ പതിനായിരക്കണക്കിന് രോഗികൾക്ക് സാന്ത്വനമേകിയ വാമനപുരത്തിന്റെ ജനകീയ ഡോക്ടർ ബീന വിടവാങ്ങി. ഡോക്ടറിലുപരി സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യം കൂടിയായിരുന്നു ഡോ.ബീന. പുല്ലമ്പാറ, നെല്ലനാട് ഹോമിയോ ഡിസ്പൻസറികളിൽ പ്രവർത്തിക്കുമ്പോഴാണ് കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നത്.
നിലവിൽ വാമനപുരം പഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസറായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് രോഗികൾ ഡോക്ടറെ തേടിയെത്തി. രോഗകാരണത്തിന്റെ അടിസ്ഥാനം കണ്ടെത്തി ചികിത്സിക്കുകയായിരുന്നു ഡോക്ടറുടെ പ്രത്യേകത.
കഴിഞ്ഞ കുറച്ചുദിവസമായി കാൻസർ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. വളരെ പെട്ടെന്ന് തന്നെ അസുഖം മൂർച്ഛിക്കുകയും തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിൽ മരണപ്പെടുകയും ആയിരുന്നു.
ഭൗതികദേഹം ഇന്ന് രാവിലെ സ്വവസതിയായ ആറ്റിങ്ങൽ മാമത്തെ ലക്ഷ്മിയിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും. രാജ്കുമാർ ഭർത്താവും, ദേവനാരായണൻ ഏകമകനുമാണ്.