ചെറുപുഴ: സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ കുടുംബത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ചെറുപുഴ അങ്കണവാടി റോഡിലെ മുഹമ്മദ് സാബിറും (42) ഭാര്യയും മൂന്നു മക്കളും സഞ്ചരിച്ചിരുന്ന കാറാണ് തടഞ്ഞുനിർത്തി അക്രമിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് ചെറുപുഴ ബൈപാസ് റോഡിൽ മെട്രോ സൂപ്പർ മാർക്കറ്റിനു മുന്നിലായിരുന്നു സംഭവം.
മുഹമ്മദ് സാബിറും കുടുംബവും കാറിൽ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനം വാങ്ങാൻ എത്തിയതാണ്. ഈ സമയം തിരുമേനി ഭാഗത്തു നിന്നു അമിത വേഗത്തിൽ വന്ന കാറിനു തടസമുണ്ടാക്കിയെന്നു പറഞ്ഞ് കാറിലെത്തിയ നാലംഗ സംഘം മുഹമ്മദ് സാബിറിനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.
നാട്ടുകാർ ഇടപെട്ട് വാഹനവും വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരെയും പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റ മുഹമ്മദ് സാബിർ ചെറുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. സൂപ്പർ മാർക്കറ്റിൽ നിന്നു സാധനം വാങ്ങാൻ എത്തിയ തങ്ങൾ കാർ പാർക്ക് ചെയ്യുന്നതിനിടെ തിരുമേനി ഭാഗത്തു നിന്നു വന്നവരാണു തന്നെ മർദിച്ചതെന്നു മുഹമ്മദ് സാബിർ പറഞ്ഞു. പുളിങ്ങോം സ്വദേശികളായ കെ.കെ. നീരജ്, അതുൽ, ഷിബിൻ, അഭിൻ ജോർജ് എന്നിവരുടെ പേരിൽ കേസെടുത്തു.
Tags : Family attacked supermarket