മലപ്പുറം: ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടിന് മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലർ ഡ്രൈവറും പാലക്കാട് വടവന്നൂർ സ്വദേശിയുമായ രാജേഷ്, യാത്രക്കാരി രമണി (60) എന്നിവരാണ് മരിച്ചത്.
കൊട്ടിയൂർ തീർഥാടനത്തിന് പോയ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ട്രാവലറിലുണ്ടായിരുന്ന യാത്രക്കാർ പാലക്കാട് സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാജേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Tags : accident accident road kondotty