പാലാ: ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആചരിച്ചു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കു പ്രാമുഖ്യം നല്കി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ‘ഹരിതം ഈ ജന്മം’ എന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ആശുപത്രിയില്‍ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തില്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ നട്ടു പരിപാലിക്കുന്ന ദീര്‍ഘകാല ഹരിത പദ്ധതിയാണ് ഹരിതം ഈ ജന്മം.
ഓരോ നവജാത ശിശുവിനും പ്രതീകാത്മകമായി ഒരു വൃക്ഷജീവന്‍ സമര്‍പ്പിക്കുന്ന ഈ പദ്ധതി ജനനം മുതല്‍ ഹരിതഭാവി എന്ന ആശയത്തെ യാഥാര്‍ഥ്യമാക്കുന്ന ഒരു ശ്രമമായി മാറ്റുകയാണ് ലക്ഷ്യമെന്നു ഉദ്ഘാടനം നിര്‍വഹിച്ച ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ.മാത്യു തെക്കേല്‍ പറഞ്ഞു.
ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ്, പ്രൊജക്ട്സ്, ലീഗല്‍ ആൻഡ് ലെയ്സണ്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, ചീഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന് ബാബു, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് എജി എം അനൂപ് ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ എക്സിബിഷന് മത്സരത്തില്‍ ആശുപത്രി നഴ്സിംഗ് ഓഫീസ് വിഭാഗം ഒന്നാം സ്ഥാനവും ജിഡിഎ ടീം രണ്ടാംസ്ഥാനവും നേടി. പോസ്റ്റര്‍ മത്സരത്തില്‍ എന്‍ഐ സിയു വിഭാഗം ഒന്നാം സ്ഥാനവും എന്‍ഡോസ്കോപ്പി വിഭാഗം രണ്ടാം സ്ഥാനവും നേടി.
Tags : Haritham Ee Janmam project launched Mar Sleeva Medicity