കൊച്ചി: പരിയത്തുകാവ് ഭൂമിത്തര്‍ക്കം സമവായത്തിലേക്ക്. മന്ത്രി റോജി എം. ജോണിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണു പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. തര്‍ക്കഭൂമിക്ക് അധികം അകലെയല്ലാത്ത ഒരിടത്തു പരിയത്തുകാവ് നിവാസികള്‍ക്ക് അഞ്ചു സെന്റ് ഭൂമി വീതം നല്കാന് തയാറാണെന്ന് ശങ്കരന് നായരുടെ കുടുംബം അറിയിച്ചു.
എന്നാല്‍ തര്‍ക്കത്തിലായിരിക്കുന്ന ഭൂമിയില്‍ത്തന്നെ അവര്‍ക്ക് വീടുവയ്ക്കാന്‍ അഞ്ചു സെന്റ് സ്ഥലവും ആവശ്യമായ വഴിസൗകര്യവും ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ കുടുംബാംഗങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്തശേഷം അന്തിമ തീരുമാനം അറിയിക്കാന്‍ ഇരുവിഭാഗവും സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇരുവിഭാഗങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു മാത്രമേ തീരുമാനമെടുക്കൂവെന്നും 16നകം പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള സമയപരിധിയായ 16ന് മുമ്പുതന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു.
Tags : Pariatukavu land dispute