ദീപിക ആബേ സർവീസസുമായി സഹകരിച്ച് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയോത്സവം 2026ൽ ആദരിക്കപ്പെട്ട വിദ്യാർഥികൾ ഷിബു തെക്കു
കോതമംഗലത്തു ദീപിക വിജയോത്സവം
കോതമംഗലം: സിലബസ് ചിട്ടയായി പഠിച്ചുതീർക്കുന്നതിനൊപ്പം വിശാലമായ വിജ്ഞാനധാരകളെക്കുറിച്ചും നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും ആഴമായ അറിവ് വിദ്യാർഥികൾ ആർജിക്കേണ്ടതുണ്ടെന്നു ഷിബു തെക്കുംപുറം എംഎൽഎ. ദീപിക ആബേ സർവീസസുമായി സഹകരിച്ചു കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയോത്സവം 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രങ്ങളും പുസ്തകങ്ങളും വായിക്കുന്നതു വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി തന്നെ കണേണ്ടതുണ്ട്. വായിച്ചു വളരുന്ന തലമുറ നല്ല സമൂഹസൃഷ്ടിയിൽ പ്രധാന പങ്കുവഹിക്കുന്നു. കോതമംഗലം മണ്ഡലത്തിലെ ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതി തയാറാക്കുമെന്നും ഷിബു തെക്കുംപുറം വ്യക്തമാക്കി.
ദീപിക കൊച്ചി റസിഡന്റ് മാനേജർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ, ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ആന്റണി പുത്തൻകുളം, സംസ്ഥാന പ്രസിഡന്റ് ലോറൻസ് ഏബ്രഹാം ഏനാനിക്കൽ, രൂപത പ്രസിഡന്റ് ഡിഗോൾ കെ. ജോർജ്, രാഷ്ട്രദീപിക ലിമിറ്റഡ് എജിഎം മാർക്കറ്റിംഗ് റെബി ജോർജ്, സീനിയർ സർക്കുലേഷൻ മാനേജർ ബിനോ വർഗീസ് എന്നിവർ പ്രസംഗിച്ചു.
കോതമംഗലം മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ പ്ലസ്ടു, പത്ത് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും മികച്ച വിജയം കൈവരിച്ച സ്കൂളുകളെയും ചടങ്ങില്‍ ആദരിച്ചു. സെമിനാറും ഉണ്ടായിരുന്നു.
വിജയോത്സവം മൂവാറ്റുപുഴയിൽ ഇന്ന്
മൂവാറ്റുപുഴ: ദീപിക ആബേ സർവീസസുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന വിജയോത്സവം 2026 ആദര സമ്മേളനവും കരിയർ ഗൈഡൻസ് സെമിനാറും ഇന്ന് മൂവാറ്റുപുഴയിൽ നടക്കും. നിർമല ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ പത്തിനു സെമിനാർ ആരംഭിക്കും.
സമ്മേളനം കോതമംഗലം ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴ മേഖലയിൽ പ്ലസ്ടു, പത്ത് ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും മികചച വിജയം കൈവരിച്ച സ്കൂളുകളെയും ആദരിക്കും. രജിസ്ട്രേഷന് 9895206283 എന്ന നമ്പറിൽ വിളിക്കുക. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും.
Tags : Local News Nattuvishesham Ernakulam