മിഷേൽ ഷാജിയുടെ മരണത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നൽകുന്നു. മന്ത്രി അനൂപ് ജേക്കബ് സമീപം.
പിറവം: കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണത്തേക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മിഷേലിന്റെ മാതാപിതാക്കൾ മന്ത്രി അനൂപ് ജേക്കബിനൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശനേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും നേരിട്ടു കണ്ട് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് സമഗ്ര അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞ ഒമ്പതു വർഷമായി നടക്കുന്ന കേസിൽ നിലവിലുള്ള സ്ഥിതി അന്വേഷിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാമെന്ന് ആഭ്യന്തരമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ടന്ന് മിഷേലിന്റെ പിതാവായ പിറവം എണ്ണയ്ക്കാപ്പിള്ളിൽ ഷാജി പറഞ്ഞു. ഭാര്യ ഷൈലമ്മയും പിറവം നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാറും ഒപ്പമുണ്ടായിരുന്നു.
മിഷേലിന്റെ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടി ആലോചിച്ച് ഉചിതമായ നടപടി കൈകൊള്ളുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കോൺഗ്രസ് പിറവം ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് മല്ലിപ്പുറം, മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോസ് തോമസ്, കർമ്മ സമിതി അംഗം വി. ചന്ദ്രാചാര്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
2017 മാർച്ച് അഞ്ചിന് വൈകുന്നേരം കലൂർ പള്ളിയിൽ പ്രാർഥിച്ച് പുറത്തേക്ക് ഇറങ്ങിയ ശേഷം കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിൽ കണ്ടെത്തുകയായിരുന്നു.
Tags : Local News Nattuvishesham Ernakulam