കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം വേഗത്തിലാക്കാൻ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സഹകരണ മന്ത്രി എന്നിവർക്ക് പരാതി നൽകിയതായി ബാങ്ക് സഹകാരി അനൂപ് തോമസ്, ബാബു പോൾ എന്നിവർ അറിയിച്ചു.
നേര്യമംഗലത്ത് ബാങ്ക് നിർമിക്കുന്ന കെട്ടിടത്തിന് സ്ഥലം വാങ്ങിയതിലും കെട്ടിടം പണിയിലും നടന്ന അഴിമതികളുടെ മുഴുവൻ രേഖളായ ഓഡിറ്റ് റിപ്പോർട്ട്, സഹകരണ നിയമം 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്, കെട്ടിടം പണിയുമായി ബന്ധപ്പെട്ട് കുസാറ്റ് നടത്തിയ പഠന റിപ്പോർട്ട്, മറ്റുചില പ്രധാനപ്പെട്ട രേഖകൾ എല്ലാം ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎമാരായ മാത്യു കുഴൽനാടൻ, വി.പി. സജീന്ദ്രൻ എന്നിവരോടൊപ്പം പരാതിക്കാരായ അനൂപ് തോമസ്, ബാബു പോൾ എന്നിവർ മുഖ്യമന്ത്രിക്കും, ആഭ്യന്തരമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നൽകുകയായിരുന്നു.
എത്രയും പെട്ടെന്ന് അന്വേഷിച്ച് കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കാൻ വകുപ്പ് മേധാവികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. വിജിലൻസ് അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് റിപ്പോർട്ട് തയാറാക്കി കോടതിയിൽ സമർപ്പിക്കുകയോ, പുതിയ കേസ് എടുത്ത് അന്വേഷണം ആരംഭിക്കുവാനോ ആഭ്യന്തരമന്ത്രി വിജിലൻസ് മേധാവിക്കും നിർദേശം നൽകിയതായി പരാതിക്കാർ അറിയിച്ചു.
സഹകരണ വകുപ്പിന്റെ വകുപ്പുതല അന്വേഷണം പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ സഹകരണ മന്ത്രിയും വകുപ്പുതല മേധാവിയോട് ആവശ്യപ്പെട്ടു. 12ന് തൃശ്ശൂർ വിജിലൻസ് ഓഫീസിൽ തങ്ങളോട് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളതായും പരാതിക്കാർ പറഞ്ഞു.മുൻപ് ഇത് സംബന്ധിച്ച് കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കുവാൻ എട്ടിന് അർജന്റ് പെറ്റീഷൻ നൽകുമെന്നും പരാതിക്കാർ അറിയിച്ചു.
Tags : Local News Nattuvishesham Ernakulam