ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുതിർന്ന നേതാക്കൾക്കെതിരേ കുറ്റം ചുമത്താൻ ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി ഉത്തരവിട്ടു.
സർക്കാരിനെ അട്ടിമറിച്ച് 2047ഓടെ രാജ്യത്ത് ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഡൽഹി പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പ്രശാന്ത് ശർമയുടേതാണ് ഉത്തരവ്.
പിഎഫ്ഐക്കും അതിന്റെ 25 ഭാരവാഹികൾക്കുമെതിരേ ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ ) എന്നിവ പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു.
മുസ്ലിം മതത്തിൽപ്പെട്ട യുവാക്കളെ തീവ്രവാദത്തിലേക്കു നയിക്കാനും രാജ്യത്തു തീവ്രവാദം വളർത്താനും മുസ്ലിം രാഷ്ട്രം വളർത്തിയെടുക്കാനും പിഎഫ്ഐ നേതൃത്വം ഗൂഢാലോചന നടത്തിയതായാണ് എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ ആരോപണം. കുറ്റപത്രത്തിന്മേലുള്ള വാദങ്ങൾ മൂന്നു മാസത്തോളം കേട്ടശേഷമാണു കോടതി നടപടി.
ഇന്ത്യയിലെ മതേതര ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കുക, ഭരണകൂടത്തിനെതിരേ സായുധപോരാട്ടം നടത്തി 2047 ഓടെയോ അതിനു മുന്പോ രാജ്യത്ത് ശരിഅത്ത് നിയമപ്രകാരമുള്ള ഇസ്ലാമികരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു പ്രതികളുടെ ഗൂഢാലോചനയെന്ന് കോടതി നിരീക്ഷിച്ചു.
വ്യക്തികളെപ്പോലെതന്നെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ നിയമപരമായി നിലനിൽപ്പുള്ള ഒരു സ്ഥാപനമാണ് പോപ്പുലർ ഫ്രണ്ട് എന്നതിനാൽ സംഘടനയ്ക്കെതിരേയും കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. തുടർനടപടികൾക്കായി കേസ് ജൂലൈ പത്തിന് വീണ്ടും പരിഗണിക്കും.
പിഎഫ്ഐ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിനു ലക്ഷ്യമിട്ട അപകടകരമായ സംഘടനയാണെന്നാണ് കഴിഞ്ഞദിവസം നടന്ന വാദത്തിനിടെ എൻഐഎ ഡൽഹി കോടതിയെ അറിയിച്ചത്. രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) ഹിന്ദു രാഷ്ട്രം എന്ന് ആവശ്യപ്പെടാമെങ്കിൽ പിഎഫ്ഐക്ക് ഒരു ഇസ്ലാമിക രാഷ്ട്രത്തിനായി ആഗ്രഹിക്കാൻ തുല്യ അവകാശമുണ്ടെന്നായിരുന്നു കേസിലെ വാദത്തിനിടയിൽ പ്രതിഭാഗം ഉന്നയിച്ച വാദം.
ആർഎസ്എസ് ചെയ്യുന്നതു ശരിയാണെങ്കിൽ പിഎഫ്ഐ ചെയ്യുന്നത് എങ്ങനെ തെറ്റാകുമെന്നും പ്രതിഭാഗം ചോദിച്ചു. എന്നാൽ, ഇരുസംഘടനകളും തമ്മിലുള്ള വ്യത്യാസം അവരുടെ ലക്ഷ്യത്തിലും പ്രവർത്തനരീതിയിലുമാണെന്ന് എൻഐഎ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി മറുപടി നൽകി. ആർഎസ്എസ് ഒരു ദേശീയ സംഘടനയാണെന്നും അവർ പാക്കിസ്ഥാനുമായി ചേർന്നു പ്രവർത്തിക്കുകയോ ഇന്ത്യയുടെ തകർച്ച ആഗ്രഹിക്കുകയോ നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ത്യാഗി കോടതിയിൽ പറഞ്ഞു.
സാമൂഹികസാന്പത്തിക, ക്ഷേമപ്രവർത്തനങ്ങളുടെ മറവിൽ യുവാക്കളെ ആകർഷിച്ച് മതവിദ്വേഷം നിറച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാനായി പിഎഫ്ഐ നേതാക്കൾ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതിയിട്ടിരുന്നതായി പ്രോസിക്യൂഷൻ ആരോപിച്ചു.
പിഎഫ്ഐ കേഡറുകളോട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനും സിറിയയിൽ പോയി ആക്രമണരീതികൾ പഠിച്ച് ഇന്ത്യയിൽ നടപ്പിലാക്കാൻ നിർദേശിച്ചിരുന്നതായും എൻഐഎ ആരോപിച്ചു. ബിജെപി, വിഎച്ച്പി നേതാക്കളെ ഇല്ലാതാക്കാനായി പിഎഫ്ഐ ഹിറ്റ് ലിസ്റ്റ് തയാറാക്കിയിരുന്നതായും മുൻ തീവ്രവാദികളുമായി ബന്ധപ്പെട്ട് ആയുധങ്ങൾ സംഭരിക്കാനും കേഡറുകൾക്ക് പരിശീലനം നൽകാനും ശ്രമിച്ചതായും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.
നിലവിൽ കേസുമായി ബന്ധപ്പെട്ട 25 പേരാണു പ്രതിപ്പട്ടികയിലുള്ളത്. ഹിന്ദു സംഘടനകളുടെ നേതാക്കളെ വധിക്കൽ, ഭീകരവാദ ക്യാന്പുകൾ സംഘടിപ്പിക്കൽ, യുവാക്കളെ തീവ്രവാദത്തിലേക്കു നയിക്കൽ, ഐഎസുമായുള്ള ബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 1300ലധികം ക്രിമിനൽ കേസുകൾ പിഎഫ്ഐ അംഗങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാജ്യസുരക്ഷ മുൻനിർത്തി 2022 സെപ്റ്റംബറിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സംഘടനയെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളെയും നിരോധിച്ചത്.
Tags : PFI leaders charged conspiracy establish Islamic state