Kerala
തൃശൂർ: ഒളരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യ കിറ്റുകൾ വിതരണംചെയ്തെന്ന എൽഡിഎഫിന്റെ പരാതിയിൽ പോലീസ് നടപടി.
ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചു നടന്ന കിറ്റ് വിതരണം പോലീസ് ഇടപെട്ടു തടഞ്ഞു. സ്ഥാപനം താത്കാലികമായി അടപ്പിച്ചു. ഇവിടെനിന്നു വിതരണത്തിനു തയാറാക്കിയ കിറ്റുകൾ പോലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസംമുതൽ ബിജെപി, സൂപ്പർമാർക്കറ്റ് വഴി കിറ്റുകൾ വിതരണം ചെയ്തുവരികയാണെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ഏകദേശം 900 രൂപയോളം വിലവരുന്ന കിറ്റുകളാണ് പ്രദേശത്തെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർക്കു നൽകിയിരുന്നത്.
വോട്ടുറപ്പിക്കാനായി മണ്ഡലത്തിലുടനീളം ബിജെപി കിറ്റുകളും വസ്ത്രങ്ങളും മദ്യവും വിതരണംചെയ്യുകയാണെന്നു സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ ആരോപിച്ചു.
സ്വർണവ്യാപാരികളുടെയും ബാറുടമകളുടെയും സഹായത്തോടെയാണ് ഈ അവിശുദ്ധനീക്കമെന്നും, സുരേഷ് ഗോപി മത്സരിച്ച 2024ലെ തെരഞ്ഞെടുപ്പുകാലത്തും സമാനമായ പണമിടപാടുകൾ ബിജെപി നടത്തിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, രാഷ്ട്രീയലക്ഷ്യങ്ങളോടെയല്ല കിറ്റുകൾ നൽകിയതെന്നാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ വിശദീകരണം. രാധാകൃഷ്ണൻ എന്ന വ്യക്തി 75 കിറ്റുകൾക്ക് ഓർഡർ നൽകിയിരുന്നെന്നും ഇതിന്റെ പണം അദ്ദേഹംതന്നെ അടച്ചെന്നും ഉടമ പറഞ്ഞു.
എത്തിയവർക്കു കിറ്റുകൾ കൈമാറുകയാണ് ചെയ്തതെന്നും ഓർഡർ നൽകിയ ആളുടെ രാഷ്ട്രീയപശ്ചാത്തലം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി പ്രവർത്തകർ കിറ്റു നൽകുന്നുണ്ടെന്ന് അയൽവാസികൾ പറഞ്ഞതനുസരിച്ചാണ് കിറ്റ് വാങ്ങാൻ എത്തിയതെന്നു കടയിലെത്തിയ ചില സ്ത്രീകൾ പ്രതികരിച്ചു.
എൽഡിഎഫിന്റെ ആരോപണങ്ങളെ ബിജെപി പൂർണമായും തള്ളി. പരാജയഭീതി മൂലം എൽഡിഎഫ് കെട്ടിച്ചമച്ച കഥയാണിതെന്നു ബിജെപി ജനറൽ സെക്രട്ടറി ഹരി പറഞ്ഞു. എൽഡിഎഫിന് അനുകൂലമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നാടകമാണിത്. കിറ്റ് വിതരണത്തിൽ ബിജെപി പ്രവർത്തകർക്കു പങ്കുണ്ടെങ്കിൽ അതു തെളിയിക്കാനും അദ്ദേഹം വെല്ലുവിളിച്ചു.
സംഭവത്തിൽ പോലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: പാചകവാതകം ലഭ്യമാകാതെ വന്നാല്‍ സംസ്ഥാനത്തെ ചെറുകിട ബേക്കറികള്‍, പ്രൊഡക്ഷന്‍ യൂണിറ്റുകള്‍, പാക്കേജ് ഫുഡ് നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടേണ്ടിവരുമെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരള. നിരവധിപേര്‍ ദിവസേന ആശ്രയിക്കുന്ന ചെറുകിട ബേക്കറി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
പാചകവാതക സിലിണ്ടറുകളുടെ കുറവു മൂലം ഉത്പാദനം കുറയ്ക്കേണ്ടിവന്നിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.
സംസ്ഥാനസര്‍ക്കാര്‍, എണ്ണക്കമ്പനികള്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ടു ഭക്ഷ്യോത്പാദന മേഖലയ്ക്ക് ആവശ്യമായ പാചകവാതക സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു.
ആവശ്യമെങ്കില്‍ റേഷനിംഗ് സംവിധാനം നടപ്പിലാക്കി ബേക്കറികള്‍ക്കും ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭ്യമാക്കണമെന്നും ബേക്കേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കിരണ്‍ എസ്. പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
National
ലക്നോ: അതിശൈത്യം കണക്കിലെടുത്ത് ഉത്തർപ്രദേശിൽ ജനുവരി ഒന്നു വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
തണുപ്പ് കാലത്ത് കുട്ടികളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎസ്ഇ, സിബിഎസ്ഇ, യുപി ബോർഡ് എന്നിങ്ങനെ 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും നിർദേശം കർശനമായി പാലിക്കണമെന്നാണ് ഉത്തരവ്.
സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താനായി ഉന്നത ഉദ്യോഗസ്ഥർ സജ്ജരായിരിക്കണമെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു.
രാത്രികാല ഷെൽട്ടറുകളിൽ കിടക്ക, പുതപ്പ് എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ആവശ്യക്കാർക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിശൈത്യം കണക്കിലെടുത്ത്, ജില്ലാ മജിസ്ട്രേറ്റുകൾക്കു സ്കൂളുകൾ അടച്ചിടാനും ആവശ്യമെങ്കിൽ അവധി പ്രഖ്യാപിക്കാനും അധികാരമുണ്ടെന്നും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള വ്യവസ്ഥകൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും എല്ലാ ജില്ലകളിലും സർക്കാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ചൊവ്വാഴ്ച അടച്ചിടുമെന്ന് മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് ഭാർഗവ്.
ദേശീയ തലസ്ഥാനത്തെ തിരക്കേറിയ പഴയ ഡൽഹി പ്രദേശത്താണ് ചെങ്കോട്ടയും ചാന്ദ്നി ചൗക്ക് മാർക്കറ്റും സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചെങ്കോട്ട.
അതേസമയം, ഡൽഹിയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ മാർക്കറ്റുകളിൽ ഒന്നാണ് ചാന്ദ്നി ചൗക്ക് മാർക്കറ്റ്, കൂടാതെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്.
ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു.