പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്റെ ഭീഷണിയെന്നു സൂചനയുണ്ട്.
ബാബ് അൽ മണ്ഡെപിന്റെ ഒരുവശത്ത് യെമൻ ആണ്. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് യെമനിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. ഹൂതികളെ ഉൾപ്പെടുത്തി പുതിയ പോർമുഖം തുറക്കാനായിരിക്കാം വിപ്ലവഗാർഡിന്റെ പദ്ധതി.
ഇന്ത്യൻ മഹാസുദ്രത്തിൽനിന്ന് ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കു പ്രവേശിക്കുന്നത് ബാബ് അൽ മണ്ഡെപ് വഴിയാണ്. സൂയസ് കനാലിലേക്കു പോകുന്നതും ഇതുവഴി തന്നെ. ഇറാനു മേൽക്കയുള്ള ഹോർമുസ് കടലിടുക്ക് പൂട്ടിയാലും സൗദി അറേബ്യക്ക് ചെങ്കടൽ വഴി എണ്ണക്കയറ്റുമതി സാധ്യമായിരുന്നു.
അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഉപയോഗപ്രദമായ എല്ലാ കയറ്റുമതി പാതകളും പൂട്ടുമെന്നാണ് വിപ്ലവഗാർഡ് ഇന്നലെ പറഞ്ഞത്. അമേരിക്ക ആക്രമണം നിർത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും പറഞ്ഞു.
ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ചതായും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇറാനിൽ ആക്രമണം നടത്തിയതായി അമേരിക്കൻ സേന അറിയിച്ചു. ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കാൻ ഇറാനുള്ള ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് സേന കൂട്ടിച്ചേർത്തു.
Tags : RevolutionaryGuard Houthis expel BabAlMandeb close OilRoute Iran War US America conflict Attack AirStrike Defense MissileStrike Crisis MilitaryOperation WarZone Oilprice