തിരുവനന്തപുരം: കടലില്‍ പൊലിയുന്ന മത്സ്യത്തൊഴിലാളികളുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുന്നതിനിടെ സര്‍ക്കാരിനു മുന്നില്‍ കരുണ തേടി കേരളത്തിന്റെ സ്വന്തം സൈന്യം. തീരദേശത്ത് ആവശ്യങ്ങളേറെയാണെങ്കിലും അടിയന്തര രക്ഷാപ്രവർത്തനത്തിനു സംവിധാനമില്ലാത്തതും വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതുമാണ് ദുരന്തത്തിന് ആക്കംകൂട്ടുന്നത്.
പലപ്പോഴും കടല്‍ കലി തുള്ളുന്നതു മത്സ്യത്തൊഴിലാളികള്‍ അറിയുന്നില്ല. കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് ഫിഷറീസ് വകുപ്പോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളോ മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നുമില്ല. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും കാട്ടിക്കൂട്ടുന്ന രക്ഷാ പ്രവര്‍ത്തനമാണ് കാലങ്ങളായി നടക്കുന്നത്. കഴിഞ്ഞ പതിനൊന്നു ദിവസമായി കടലില്‍ കാണാതായ വിഴിഞ്ഞം സ്വദേശി ജോണിനെയും അഞ്ചുതെങ്ങ് സ്വദേശി ഷിജിനെയും കൊല്ലം നീണ്ടകരയിലെ ഗൗതം കൃഷ്ണയെയും ഇതുവരെയും കണ്ടെത്താനായില്ല.
* തീരദേശ ജനത ആവശ്യപ്പെടുന്നു
കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, മറ്റ് ഏജന്‍സികള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തുന്നുണ്ടെ ങ്കിലും ഇത് ഏകോപിപ്പിക്കാന്‍ ഒരു സംവിധാനില്ല. ഫിഷറീസ് വകുപ്പിനാണ് ഏകോപനം എന്ന് പറയുമ്പോഴും പലപ്പോഴും കേന്ദ്ര ഏജന്‍സികളുടെ അനുമതിക്കായി കാത്തിരിക്കണം. കോസ്റ്റ് ഗാര്‍ഡിന് അനുമതി ലഭിക്കേണ്ടത് മുംബൈയില്‍ നിന്നാണ്.
നാവിക സേനയും കേസ്റ്റ് ഗാര്ഡുമെക്കെ അനുമതി ലഭിച്ച് എത്തുമ്പോള്‍ ഏറെ വൈകും. കൂടാതെ കൊച്ചി നാവിക താവളത്തിലെ ജോയിന്റ് ഓപറേഷന്‍സ് സെന്റര്‍ വഴി വിമാന സഹായത്തിനായുള്ള അഭ്യര്‍ഥനകള്‍ ഒന്നിലധികം ഭരണ തലങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ അനുമതികളിലെ കാലതാമസം നിര്‍ണായകമായ ആദ്യ മണിക്കൂറുകളില്‍ വ്യോമ തെരച്ചില്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. അടിയന്തരമായി തീരുമാനമെടുക്കാനും ഏകോപിപ്പിക്കാനും ഒരു സംവിധാനം ഉണ്ടാക്കണമെന്നാണ് തീരദേശത്തിന്റെ ആവശ്യം.