ബീച്ചിൽനിന്ന് പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുന്നു.
കണ്ണൂർ: അതുവരേയും ശാന്തമായിരുന്ന കടലില്‍ അസ്വഭാവികമായ തിരയിളക്കം. പെട്ടെന്ന് ഇരുണ്ട് മൂടി മഴയുമെത്തിയതോടെ കടലില്‍ രൗദ്രതയുടെ നിഴല്‍. താലൂക്കിലെ ഐആര്‍എസ് നിയന്ത്രണ മുറിയില്‍ നിന്നും അടിയന്തിര സന്ദേശമെത്തി. അഴീക്കോട് ചാല് ബീച്ചിന് സമീപം വന്‍ സുനാമിയുടെ സാധ്യത കളുമായി ദുരന്ത മുന്നറിയിപ്പിന്റെ മേല്‍ സന്ദേശങ്ങള്‍. ഇത് കൂടിയായതോടെ പരിഭ്രാന്തിയിലായി രുന്നു ചാല്ബീച്ചിന്റെ തീരങ്ങളെല്ലാം. അഗ്നി രക്ഷാസേനയുടെയും പോലീസിന്റേയുമെല്ലാം വാഹനങ്ങളും ആംബുലന്‍സുകളുമെല്ലാം കടത്തീരത്തേക്ക് പാഞ്ഞെത്താന്‍ തുടങ്ങി. അടിയന്തര സാഹചര്യങ്ങളെല്ലാം നേരിടാനുള്ള സര്‍വ സന്നാഹങ്ങളും കടല്ത്തീരത്തെത്തിയതോടെ പ്രദേശവാസികളും നാട്ടുകാരുമെല്ലാം ഒന്ന് അമ്പരന്നു.
സുനാമി ദുരന്ത മുന്നറിയിപ്പിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ നേര്‍ക്കാഴ്ചകള്‍ക്കാണ് പിന്നീട് ഈ തീരം സാക്ഷ്യം വഹിച്ചത്. മണിക്കൂറുകള്‍ നീണ്ടു നിന്ന കൂട്ടായ പരിശ്രമങ്ങളില്‍ അമ്പതോളം കുടുംബങ്ങളെയും സുരക്ഷിത സ്ഥനത്തേക്ക് മാറ്റിയതോടെയാണ് ആശങ്കകള്‍ക്കെല്ലാം വിരാമമായത്. മോക് ഡ്രില്ലിന് മുന്നോടിയായി പ്രദേശവാസികള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നെങ്കിലും സന്നാഹങ്ങളുടെ കൃത്യതയായിരുന്നു ഒരു നിമിഷം നാടിനെയും ജാഗ്രതയിലാക്കിയത്.
ഇന്നലെ രാവിലെ പത്തോടെ ജാഗ്രത മുന്നറിയിപ്പ് ലഭിച്ചതോടെ പ്രദേശത്ത് അപായ സൈറന്‍ മുഴങ്ങുകയും പ്രദേശവാസികളെയെല്ലാം ദുരന്ത സാധ്യതകള്‍ അറിയിക്കുകയും ചെയ്യുകയെന്നതായിരുന്നു ഫീല്‍ഡ് തല ആദ്യ നടപടികള്‍. എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്ന് അതിവേഗം ആളുകളെ കുടിയൊഴിപ്പിക്കുകയെന്നതായിരുന്നു അടുത്ത ലക്ഷ്യം.
ഗര്‍ഭിണികള്‍, കുട്ടികള്‍, കിടപ്പുരോഗികള്‍ എന്നിവരെയെല്ലാം ആംബുലന്‍സിന്റെ സഹായത്തോടെ ആദ്യ സുരക്ഷിത കേന്ദ്രമായ ഇഎംഎസ് വായനശാലയിലെത്തിച്ചു. ഇവിടെ നിന്ന് അവശരായുള്ളവര്ക്കെല്ലാം പ്രാഥമിക ചികിത്സ നല്കി. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയ ഓള്‍ഡേജ് ഹോമിലേക്ക് പിന്നീട് അവരെ എത്തിക്കുകയായിരുന്നു. അതിനോടൊപ്പം എല്ലാവരേയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികളും വേഗത്തിലായി.
മണിക്കൂറുകള്‍ നീണ്ട സുനാമി മുന്നൊരുക്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ക്കൊപ്പം നാടെല്ലാം പങ്കാളികളായി. ദുരന്തപ്രതികരണത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കല്, ഇതര വകുപ്പുകളുടെ ഏകോപനം എന്നിവയെല്ലാം മോക്ഡ്രില്ലിന് ശേഷം വിലയിരുത്തി.
ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദോഗസ്ഥര്‍, ഫയര്‍ റെസ്ക്യു വോളന്റിയര്‍മാര്‍ തുടങ്ങിയവര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്കി.