പ്രതീകാത്മക ചിത്രം
കല്ലമ്പലം: തലസ്ഥാന നഗരിയിൽ നിന്നും മാറ്റാനൊരുങ്ങുന്ന മൃഗശാലയെ മടവൂരിലേക്ക് ക്ഷണിച്ച് മടവൂർ പഞ്ചായത്ത്. മടവൂർ പഞ്ചായത്തിലെ 2,3 വാർഡുകളിലായി ഇളമ്പ്രക്കോട് ഭാഗത്ത് 424 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയുണ്ട്. ഈ ഭൂമി ഉപയോഗപ്പെടുത്തി തിരുവനന്തപുരത്തെ സുവോളജിക്കൽ പാർക്ക് ഇവിടേക്ക് മാറ്റിസ്ഥാപിക്കണമെന്നും അനുബന്ധ ടൂറിസം പദ്ധതികൾക്ക് ഇത് അനുയോജ്യമാണെന്നും കാണിച്ച് പഞ്ചായത്ത് ഭാരവാഹികൾ മുഖ്യമന്ത്രിയെയും ടൂറിസം- മൃഗശാല വകുപ്പ് മന്ത്രിമാരെയും നേരിട്ടുകണ്ട് ആവശ്യം ഉന്നയിച്ചു.
മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കുന്നതിനും പ്രകൃതിയോട് ഇണങ്ങിച്ചേർന്ന വിവിധ വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇളമ്പ്രക്കോട് റിസർവ് വനമേഖല അനുയോജ്യമായ പ്രദേശമാണ്.
ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ വർക്കലയിൽനിന്ന് ഏകദേശം 30 മിനിറ്റും, ജഡായു ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്ന് ഏകദേശം 15 മിനിറ്റും മാത്രമാണ് ഇളമ്പ്രക്കോട് പ്രദേശത്തേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ യാത്രാസമയം.
നിർദിഷ്ട കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈ വേ 744 ഈ വനമേഖലയിൽ കൂടിയാണ് കന്നുപോകുന്നത്. ഗ്രാമപ്രദേശമായതിനാൽ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കി പ്രസ്തുത പ്രദേശത്ത് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും, ജലലഭ്യത ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സ്വാഭാവികമായി നിലവിലുള്ളതും ഇവിടുത്തെ പ്രത്യേകതകളാണ്.
Tags : Nattuvishesham DistrictNews DeepikaNews zoo