പ്രതീകാത്മക ചിത്രം
കാട്ടാക്കട : ഏഴു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കല്ലറ കെ.ടി. കുന്ന് എം.ജി. കോളനിയിലെ ഹരിവിലാസത്തിൽ കൃഷ്ണ പ്രസാദിനെ (25) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദ് ശിക്ഷിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമാണ് 35 വർഷത്തെ കഠിനതടവും പിഴയും കോടതി ചുമത്തിയത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ പ്രതി ഏഴു മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ പാങ്ങോട് പോലീസ് ഇൻസ്പെക്ടർ ജെ. ജിനേഷാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.