പിഎംഎവൈ ഭവന നിർമാണവുമായി ബന്ധപ്പെട്ട് മഞ്ചേരി നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്കുന്നു.
മഞ്ചേരി: പിഎംഎവൈ (നഗരം) പദ്ധതി പ്രകാരം തവണകളായി തുക കൈപറ്റിയവര്‍ 30നകം പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും അല്ലാത്തപക്ഷം തുക പലിശ സഹിതം തിരിച്ചുപിടിക്കുമെന്നുമുള്ള മഞ്ചേരി നഗരസഭയുടെ മുന്നറിയിപ്പിനെതിരേ പ്രതിഷേധം. 22ന് വിളിച്ചുചേര്‍ത്ത ഗുണഭോക്താക്കളുടെ യോഗത്തിലാണ് നഗരസഭാ അധികൃതര്‍ ഈ നിലപാട് വ്യക്തമാക്കിയത്. ഇതിനെതിരേ ഇടത് കൗണ്‍സിലര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
മഞ്ചേരിയില്‍ 157 ഗുണഭോക്താക്കള്‍ക്കാണ് ഇനിയും വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്. വളരെ പാവപ്പെട്ടവരും കൂലിപണിക്കാരുമായ ഗുണഭോക്താക്കള്‍ക്ക് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. എട്ട് ദിവസത്തെ സാവകാശം മാത്രം നല്കി പണി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍ധനരായ കുടുംബങ്ങളെ വലിയ മാനസിക പ്രയാസത്തിലും ദുരിതത്തിലുമാക്കുമെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
കൗണ്‍സിലര്‍മാരായ കെ.സി. ഉണ്ണികൃഷ്ണന്, വി.പി. ഹസ്കര്‍, ടി. തങ്കമണി, ഷറീന ജവഹര്‍, സലീന, എ.വി. പ്രജിത്ത്, സുനിയ്യ ബാബു, ഷംസിയ എന്നിവരാണ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.