പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗികളുടെ എണ്ണവും കിടക്കുകളുടെയും ചികിത്സാ സൗകര്യങ്ങളുടെയും പരിമിതിയും കണക്കിലെടുത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി കര്‍മ പദ്ധതി രൂപീകരിച്ച് നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശിച്ചു.
അധിക വാര്‍ഡുകളും കിടക്കകളും ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കണം. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അനുബന്ധ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കണം. രോഗികളെ വരാന്തകളിലോ താത്കാലിക സ്ഥലങ്ങളിലോ കിടത്തി ചികിത്സിക്കേണ്ട സാഹചര്യം ഒഴിവാക്കണം.
നിലവിലുള്ള സൗകര്യങ്ങള്‍ പുനക്രമീകരിച്ച് അധിക കിടക്കകള്‍ താത്കാലികമായി വിന്യസിപ്പിക്കണം. രോഗികളുടെ ശാസ്ത്രീയമായ റഫറല്‍ സംവിധാനം നടപ്പാക്കാന്‍ ജില്ലാ തല- മെഡിക്കല്‍ കോളേജ് തല ചികിത്സാ സ്ഥാപനങ്ങള്‍ക്കിടയിലെ ഏകോപനം കാര്യക്ഷമമായി നടപ്പാക്കണം.
സ്വതന്ത്ര ഹെമറ്റോളജി വിഭാഗം ആരംഭിക്കുന്നതിനായി മെഡിക്കല്‍ കോളേജ് അധികൃതര്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതി രൂപരേഖ നിയമാനുസൃതമായി സര്‍ക്കാര്‍ പരിശോധിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍, ധനാനുമതി എന്നിവ സംബന്ധിച്ച നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കമ്മീഷന് നിര്‍ദ്ദേശം നല്കി.
പ്രസ്തുത പദ്ധതി രൂപരേഖയുടെ നിലവിലെ സ്ഥിതിയും തുടര്‍നടപടികളും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണം. സ്വീകരിച്ച നടപടികള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും പ്രത്യേകം തയ്യാറാക്കി മൂന്നുമാസത്തിനകം കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടും അതിന് അനുപാതികമായി കിടക്കകളുടെയും വാര്‍ഡുകളുടെയും ചികിത്സാ സൗകര്യങ്ങളുടെയും മനുഷ്യവിഭവ ശേഷിയുടെയും വര്‍ധന ഉണ്ടായിട്ടില്ലെന്ന് മനസിലാക്കുന്നതായി കമ്മീഷന് പറഞ്ഞു. ഈ സാഹചര്യം ആശുപത്രി ഭരണസമിതിയുടെ നിയന്ത്രണ പരിധിക്ക് അതീതമായ നയപരവും ഭരണപരവുമായ വിഷയമാണെന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍തലത്തിലുള്ള അടിയന്തര ഇടപെടല്‍ ഇതിന് അനിവാര്യമാണെന്നും കമ്മീഷന് നിരീക്ഷിച്ചു. പൊതുപ്രവര്‍ത്തകനായ കരീം കാരശേരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Tags : Nattuvishesham DistrictNews DeepikaNews Development