പ്രതീകാത്മക ചിത്രം
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന മഴ കാര്‍ഷിക മേഖലയ്ക്ക് പുതുജീവനേകുന്നു. മഴക്കുറവ് മൂലം പ്രതിസന്ധിയിലായ നെല്‍കൃഷിക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ വലിയ ആശ്വാസമായത്. മാസങ്ങളായി മഴ ലഭിക്കാത്തതിനാല്‍ മിക്ക പാടശേഖരങ്ങളും ഉണങ്ങി വിണ്ടുകീറിയ നിലയിലായിരുന്നു.നൂല്‍പ്പുഴ, നെന്മേനി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് വരള്‍ച്ച ഏറ്റവും രൂക്ഷമായത്. മഴ ലഭിക്കാത്തതിനെത്തുടര്‍ന്ന് നൂറകണക്കിന് ഏക്കര്‍ നെല്പാടങ്ങളാണ് ഉണങ്ങിത്തുടങ്ങിയത്.
വിളവ് സംരക്ഷിക്കുന്നതിന് കര്‍ഷകര്‍ പമ്പുസെറ്റുകളെ ആശ്രയിച്ചാണ് ജലസേചനം നടത്തിയത്.പ്രതിദിനം 500 മുതല്‍ 1,000 വരെ രൂപ ഡീസലിന് മാത്രം ചെലവഴിച്ചാണ് പല കര്‍ഷകരും പമ്പുസെറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതോടെ കൃഷിച്ചെലവ് ഗണ്യമായി വര്‍ധിക്കുകയും കര്‍ഷകര്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുകയും ചെയ്തു. ഇതിനിടെയാണ് മഴ പെയ്തത്. വരണ്ടുണങ്ങിയ പാടങ്ങളില്‍ മഴ ലഭിച്ചതോടെ വീണ്ടും പച്ചപ്പ് പടര്‍ന്നു.
കൃഷി സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷിക്കാര്‍. വരുംദിവസങ്ങളിലും മഴ ലഭിക്കുമെന്ന് അവര്‍ കരുതുന്നു. തോട്ടം മേഖലയ്ക്കും മഴ ആശ്വാസമായി. മഴയുടെ അഭാവം മൂലം വളപ്രയോഗം നടത്താനാകാതെ പ്രതിസന്ധിയിലായിരുന്നു തോട്ടം ഉടമകള്‍. മഴ ലഭിച്ചതോടെ തോട്ടങ്ങളില്‍ വളസേചനം പുനരാരംഭിച്ചു. കുരുമുളക്, വാഴ, ഇഞ്ചി തുടങ്ങിയ കൃഷികള്‍ക്കും മഴ ഗുണകരമാകുമെന്നു കര്‍ഷകര്‍ പറയുന്നു.