ശസ്ത്രക്രിയകൾ നടക്കാത്തതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ പരിസരം തിരക്കൊഴിഞ്ഞനിലയിൽ.
തൃശൂർ: വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു. അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തിയത്. കഴിഞ്ഞദിവസവും വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാവിലെയോടെ രൂക്ഷമാകുകയായിരുന്നു. തുടർന്നാണ് അടിയന്തര ശസ്ത്രക്രിയകൾ നടത്താനും മറ്റുള്ളവ മാറ്റിവയ്ക്കാനും തീരുമാനമായത്. കഴിഞ്ഞ ദിവസവും ചില ശസ്ത്രക്രിയകൾ മുടങ്ങി.
ശസ്ത്രക്രിയകൾ നടക്കില്ലെന്നറിഞ്ഞതോടെ പല രോഗികളും മടങ്ങിപ്പോയി. ചിലർ പ്രതീക്ഷയോടെ ആശുപത്രി പരിസരത്ത് കാത്തുനിന്നിരുന്നു. ജില്ലയിൽനിന്നുള്ളവർ കൂടാതെ മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽനിന്നുള്ള രോഗികളാണു നേരത്തേ തീരുമാനിച്ചപ്രകാരം കഴിഞ്ഞ ദിവസവും ഇന്നലെയുമായി ശസ്ത്രക്രിയയ്ക്കെത്തിയത്. മാസങ്ങൾക്കുമുന്പേ തീയതി ലഭിച്ച ഓർത്തോ, കണ്ണ്, കാർഡിയോളജി, ഇഎൻടി, ന്യൂറോ വിഭാഗം ശസ്ത്രക്രിയയ്ക്കെത്തിയവരാണു നിരാശയിലായത്. ഇവർക്കുള്ള അടുത്ത ഊഴത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും.
വലുതും ചെറുതുമായി ദിവസവും നൂറോളം ശസ്ത്രക്രിയകളാണു മെഡിക്കൽ കോളജിൽ നേരത്തേ നിശ്ചയിച്ച പ്രകാരം നടത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു സ്വന്തമായി കെഎസ്ഇബി സബ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടെനിന്നു വിതരണം ചെയ്യുന്ന വൈദ്യുതി കേബിളുകൾക്കു തകരാർ സംഭവിച്ചതാണു പ്രതിസന്ധിക്കു കാരണം.
ഐസിയു പ്രവർത്തനങ്ങളും പ്രതിസന്ധിയിലായ ആശുപത്രിയിൽ വാർഡുകളിലും ഇടയ്ക്കിടെ വൈദ്യുതി തടസം നേരിടുന്നത് രോഗികളെയും ബന്ധുക്കളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. സാങ്കേതിക തകരാർ പൂർണമായി പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നതിനാൽ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. തകരാർ കണ്ടെത്തുന്നതിനായി ഇന്നലെ എറണാകുളത്തുനിന്നുള്ള വിദഗ്ധ സംഘവും ആശുപത്രിയിൽ എത്തിയിരുന്നു.
Tags : NattuVishesham.DistricteNews