രാഹുൽ
കൊച്ചി: പാലാരിവട്ടത്തെ ജ്വല്ലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തിയ അസിസ്റ്റന്റ് മാനേജരെ പിടികൂടി.
പാലക്കാട് ഒറ്റപ്പാലം ചീരംതുടിയില്‍ വീട്ടില്‍ രാഹുലിനെ (27) ആണ് പാലാരിവട്ടം പൊലിസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2025 ജനുവരി മുതല്‍ 2026 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് മോഷണം നടത്തിയത്. മാര്‍ക്കറ്റിംഗ് ബിരുദധാരിയായ ഇയാള്‍ സ്ഥാപന ഉടമകളുടെ വിശ്വസ്ഥനായ ജീവനക്കാരനായിരുന്നു. സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ച ശേഷം സ്ഥാനക്കയറ്റം നേടിയെടുക്കുകയും തുടര്‍ന്ന് പ്രസ്തുത കാലയളവില്‍ ജ്വല്ലറിയില്‍ നിന്ന് പലതവണയായി 428 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു.
സ്വര്‍ണം വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു. സ്വര്‍ണാഭരണങ്ങളുടെ സ്റ്റോക്കില്‍ നിരന്തരം കുറവു വരുന്നതില്‍ സംശയം തോന്നിയ ഉടമകള്‍ ജീവനക്കാരെ നിരന്തരം നിരീക്ഷണം നടത്തിയാണ് അസിസ്റ്റന്റ് മാനേജറായ പ്രതിയെ തിരിച്ചറിഞ്ഞത്.
ഉടമയുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ജ്വല്ലറിയിലെ ലോക്കറില്‍ ഉപഭോക്താക്കൾ ഏല്‍പ്പിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ നിന്ന് പ്രതി അനധികൃതമായി സ്വര്‍ണം കൈക്കലാക്കിയാണ് കളവു നടത്തിയതെന്ന് തെളിഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് മുങ്ങിയ പ്രതി മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
കേരളത്തിലേക്കുള്ള യാത്രാ മധ്യേ തൃശൂരില്‍ വച്ചാണ് പ്രതി പൊലിസിന്റെ വലയിൽ കുടുങ്ങിയത്.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങളിൽ വലിയൊരു ഭാഗം കണ്ടെടുത്തു. ബാക്കിയുള്ള സ്വര്‍ണത്തിനായി അന്വേഷണം നടത്തി വരികയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : NattuVishesham.DistricteNews