എംസി റോഡിലെ ചോരക്കുഴി പാലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പുതിയ ബൈപ്പാസിന്റെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന്
കൂത്താട്ടുകുളം: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള ബൈപ്പാസ് റോഡ് വികസന പദ്ധതികൾക്ക് വേഗതയേറുന്നു. എംസി റോഡിലെ ചോരക്കുഴി പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ചോരക്കുഴി പള്ളിക്ക് മുന്നിലൂടെ കടന്നുപോയി, പിഡബ്ല്യുഡി റോഡ് വഴി എറണാകുളം റോഡിൽ പ്രവേശിച്ചശേഷം പൈറ്റക്കുളത്ത് നിന്നും കുങ്കുമശേരി വഴി എംസി റോഡിൽ പ്രവേശിക്കുന്ന വിധത്തിലാണ് സമഗ്ര വികസന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മുന്നോടിയായി മൂവാറ്റുപുഴ പിഡബ്ല്യുഡി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ജൂലിയൻ ജോസിന്റെ നേതൃത്വത്തിൽ റോഡിന്റെ വീതി തിട്ടപ്പെടുത്തുന്നതിനുള്ള സർവേ നടപടികൾ നടത്തി. ചോരക്കുഴി പാലം ജംഗ്ഷൻ മുതൽ ഓണംകുന്നുകാവ് പരിസരം വരെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ സർവേ പൂർത്തിയാക്കിയത്.
എട്ടു മീറ്റർ വീതിയിൽ റോഡ് വിപുലീകരിച്ച് ആധുനിക രീതിയിൽ ടാറിംഗ് നടത്തുന്നതോടെ കോട്ടയം, തൃശൂർ ഭാഗങ്ങളിലേക്ക് പോകേണ്ട ദീർഘദൂര വാഹനങ്ങൾക്ക് ടൗണിൽ കയറാതെ സുഗമമായി യാത്ര ചെയ്യാനാകും. പുതിയ റൂട്ടിലൂടെ ഗതാഗത ക്രമീകരണം നടപ്പിലാകുന്നതോടെ കൂത്താട്ടുകുളം ടൗണിലെ ഗതാഗതത്തിരക്കിൽ 50 ശതമാനത്തിലധികം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാഴ്ച മുമ്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച റിംഗ് റോഡ് പദ്ധതിക്കൊപ്പം പുതിയ റോഡ് വികസനം കൂടി പൂർത്തിയാകുന്നതോടെ കൂത്താട്ടുകുളത്തെ ഗതാഗത സംവിധാനം വലിയ തോതിൽ കാര്യക്ഷമമാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ റെജി ജോൺ വ്യക്തമാക്കി.
അളവുനടപടികളിൽ പലയിടങ്ങളിലും റോഡിന് വീതിക്കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ റോഡിൽ സ്ഥിതി ചെയ്യുന്ന തെക്കേകുറ്റ് പാലവും പുനർനിർമിക്കേണ്ടതായിട്ടുണ്ട്. ഈ ഭാഗങ്ങളിൽ സമീപത്തെ ഭൂവുടമകളുമായി ചർച്ച നടത്തി ആവശ്യമായ സ്ഥലം വിട്ടുനൽകുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കും. സർവേ നടപടികളിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കൊപ്പം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : NattuVishesham.DistricteNews