കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ 341-ാമത് കന്നി 20 പെരുന്നാളിന് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ കൊടിയേറ്റുന്നു.
കോതമംഗലം: തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 341-ാമത് ഓർമപ്പെരുന്നാളി (കന്നി 20) ന് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ കൊടിയുയർത്തി. പരിശുദ്ധ ബാവായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ ചക്കാലക്കുടി ചാപ്പലിൽ നിന്ന് പ്രദക്ഷണമായി പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്. ചക്കാലകുടിയിൽ നിന്ന് ആരംഭിക്കുന്ന പ്രദിക്ഷിണത്തിന് ചരിത്ര സ്മരണകൾ ഉയർത്തി ചക്കാലനായർ തറവാട്ടിലെ ഇളമുറക്കാരനായ ചക്കാലക്കൽ സുരേഷ് ഈ തവണയും തൂക്ക് വിളക്കേന്തി.
പള്ളിയിൽ നടത്തിയ പ്രാർത്ഥനയ്ക്ക് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിംഗ് കമ്മിറ്റി അഗംങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സഭയിലെ നിരവധി വൈദികർ, കന്യാസ്ത്രീകൾ , എംഎൽഎമാരായ ഷിബു തെക്കുംപുറം, മനോജ് മുത്തേടൻ, മാത്യു കുഴൽനാടൻ, മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, മുൻ എംഎൽഎ ആന്റണി ജോൺ തുടങ്ങിയവരും പങ്കെടുത്തു.
കൊടി ഉയർത്തലിനു ശേഷം കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നും പ്രത്യേകം തയാറാക്കി കൊണ്ടുവന്ന തമുക്ക് നേർച്ച ഭക്തജനങ്ങൾക്കായി നൽകി. പരിശുദ്ധ ബാവ കോതമംഗലത് എത്തി ചേർന്നപ്പോൾ ബാവയെ കണ്ട് അനുഗ്രഹം പ്രാപിക്കാനായി കരിങ്ങാച്ചിറയിൽ നിന്നും വന്ന വിശ്വാസികൾ കൊണ്ടു വന്ന പലഹാരത്തിന്റെ അനുസ്മരണയിൽ ആണ് തമുക്ക് നേർച്ച നൽകുന്നത്. കരിങ്ങാച്ചിറ പള്ളിയിൽനിന്നും വികാരി ഫാ. ബേസിൽ ഷാജു, ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഭാരവാഹികൾ എന്നിവർ കൊടിയേറ്റിൽ പങ്കെടുത്തു.
പരിശുദ്ധ യൽദോ ബാവ കാലം ചെയ്ത സമയത്ത് സ്വയം പ്രകാശിച്ച കൽക്കുരിശിലെ പെരുന്നാൾ ഇന്ന് നടത്തും. രാവിലെ അഞ്ചിന്മേൽ കുർബാനയ്ക്ക് ഗബ്രിയേൽ മാർർ ഗ്രീഗറിയോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. ഉച്ച കഴിഞ്ഞ് മൂന്നിന് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം നടത്തും. വൈകുന്നേരത്തെ സന്ധ്യാ പ്രാർത്ഥനക്ക് ശേഷം വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ നർവഹിക്കും. ഒക്ടോബർ 11 വരെ ദീപാലങ്കാരങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
Tags : NattuVishesham.DistricteNews