തൃക്കാക്കര നഗരസഭയിലെ മാലിന്യസംഭരണിയും നിറഞ്ഞ് കവിഞ്ഞ നിലയിൽ കൂടിക്കിടക്കുന്ന അജൈവ മാലിന്യം.
കാക്കനാട്: കിലോഗ്രാമിന് അഞ്ച് രൂപനിരക്കിൽ അജൈവ മാലിന്യം ശേഖരിക്കാൻ നഗരസഭ കരാറുകാരന് പണം നൽകിയിട്ടും തൃക്കാക്കര നഗരസഭയുടെ അജൈവ മാലിന്യസംഭരണിയിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നു. ഒന്നര പതിറ്റാണ്ടായി ഒരേ കരാറുകാരൻ തന്നെയാണ് ഇവിടെ നിന്നും പ്ലാസ്റ്റിക്കുകൾ വേർതിരിച്ച് കൊണ്ടുപോയിരുന്നത്.
ആദ്യകാലങ്ങളിൽ കിലോഗ്രാമിന് 6.50 രൂപ നിരക്കിലായിരുന്നു നഗരസഭ കരാർ ഉറപ്പിച്ചിരുന്നത്.
കിലോഗ്രാമിന് മൂന്ന് രൂപയ്ക്കും നാല് രൂപയ്ക്കും പ്ലാസ്റ്റിക് നീക്കം ചെയ്യാമെന്ന് സന്നദ്ധത അറിയിച്ച് മറ്റ് ഏജൻസികൾ നഗരസഭയെ സമീപിച്ചെങ്കിലും പത്ത് വർഷത്തിലേറെയായി അജൈവ മാലിന്യം നീക്കുന്നതിലെ പരിചയസമ്പത്ത് കണക്കാക്കി നിലവിലെ കരാറുകാരന് അഞ്ച് രൂപ നിരക്കിൽ നഗരസഭാധികൃതർ അനുമതി നൽകുകയായിരുന്നു.
പ്ലാസ്റ്റിക് മാലിന്യം നഗരസഭാധികൃതർ അറിയാതെ കരാറുകാരൻ തോന്നുംപടി കയറ്റിക്കൊണ്ടുപോകുന്നതായി ആക്ഷേപം ഉയർന്നതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും ആരോഗ്യ സ്ഥിരം സമിതി അംഗങ്ങളുടെയും സാനിധ്യത്തിൽ അജൈവ മാലിന്യം കൊണ്ടുപോയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി കരാറുകാരൻ വാഹനവുമായി എത്താത്തതിനാൽ ചാക്കുകളിൽ വാരി നിറച്ച നിലയിൽ അജൈവ മാലിന്യം നഗരസഭയ്ക്ക് സമീപമുള്ള മാലിന്യ സംഭരണിയിലും പരിസരങ്ങളിലുമായി കുന്നു കൂടികിടക്കുകയാണ്.
Tags : NattuVishesham.DistricteNews