പെരുമ്പാവൂർ ടിബിയിൽ ചേർന്ന തങ്കളം-കാക്കനാട് പാത വികസന അവലോകന യോഗത്തിൽ ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ ഷിബു തെക്കുംപുറം, മനോജ് മൂത്തേടൻ, വി.പി. സജീന്ദ്രൻ,
പെരുമ്പാവൂർ: തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിർമാണത്തിനായി നിലവിലുള്ള രണ്ട് അലൈൻമെന്റുകളും സമഗ്രമായി പരിശോധിച്ച് പ്രായോഗികമായത് കണ്ടെത്താനും നാലുവരിപ്പാതയ്ക്കുള്ള ചെലവ് കണക്കാക്കി തുടർനടപടി സ്വീകരിക്കാനും തീരുമാനം. നിലവിലെ യാത്രാസാഹചര്യത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ റോഡിന്റെ ശേഷി കുറവായ സാഹചര്യത്തിൽ രണ്ടുവരി പാതയുടെ നിർദേശം അംഗീകരിക്കാനാകില്ലെന്ന നിലപാടും യോഗത്തിൽ ഉയർന്നു.
2006ൽ തങ്കളം-കാക്കനാട് നാലുവരിപ്പാതയ്ക്കായി പ്രൊപ്പോസൽ തയാറാക്കുകയും അലൈൻമെന്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ പ്രധാന ഐടി കേന്ദ്രമായ ഇൻഫോപാർക്കിന്റെ വളർച്ചയും തങ്കളം മുതൽ ഇൻഫോപാർക്ക് വരെയുള്ള മേഖലയിലെ വർധിച്ചുവരുന്ന ഗതാഗതത്തെയും കണക്കിലെടുത്ത് റോഡ് വികസനം അനിവാര്യമാണ്. നിലവിലുള്ള റോഡുകളുടെ വീതി ഇന്നത്തെ ഗതാഗത ആവശ്യങ്ങൾക്ക് പര്യാപ്തമല്ല. തുടർന്നുവന്ന സർക്കാരിന്റെ കാലത്ത് പുതിയ അലൈൻമെന്റോടെ പുതിയ പ്രൊപ്പോസൽ തയാറാക്കിയിരുന്നു.
2006ലെ പ്രൊപ്പോസലിൽ നാലുവരിപ്പാത വിഭാവനം ചെയ്തിരുന്നപ്പോൾ ഇപ്പോൾ കിഫ്ബി തയാറാക്കിയ പുതിയ പ്രൊപ്പോസലിൽ രണ്ടുവരിപ്പാതയാണ് നിർദേശിച്ചിരിക്കുന്നത്. ഇരു നിർദേശങ്ങളും വ്യത്യസ്ത അലൈൻമെന്റുകളിലാണ്.
അതേസമയം, ഈ മേഖലയിലൂടെ നിർദിഷ്ട അങ്കമാലി-അരൂർ പത്തുവരിപ്പാത കടന്നുപോകുന്നുണ്ട്. തങ്കളം-കാക്കനാട് പാതയും പുതിയ പത്തുവരിപ്പാതയും തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നതോടെ പ്രദേശത്തിന്റെ ഗതാഗതപ്രാധാന്യം കൂടുതൽ വർധിക്കും.
ഈ സാഹചര്യത്തിൽ ഭാവിയിലെ ഗതാഗതവളർച്ച കൂടി കണക്കിലെടുത്ത് ഏത് അലൈൻമെന്റാണ് കൂടുതൽ പ്രായോഗികമെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.
ഇതിന്റെ ഭാഗമായി നിലവിലുള്ള രണ്ട് അലൈൻമെന്റുകളും സമഗ്രമായി പരിശോധിച്ച് നാലുവരിപ്പാത നിർമിക്കുന്നതിനുള്ള ചെലവ് കണക്കാക്കാനും സാങ്കേതികമായി പരിശോധിക്കാനും തീരുമാനിച്ചു. തങ്കളം-കാക്കനാട് നാലുവരിപ്പാത യാഥാർഥ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് യോഗത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.
പെരുമ്പാവൂർ ടി ബിയിൽ ചേർന്ന യോഗത്തിൽ ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ ഷിബു തെക്കുംപുറം, മനോജ് മൂത്തേടൻ, വി.പി. സജീന്ദ്രൻ, കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിനുശേഷം ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ നിർദിഷ്ട പാതയുടെ പ്രദേങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Tags : NattuVishesham.DistricteNews