കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയും തൃശൂർ മാജിക്ക് എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ കണ്ണൂർ
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയെ ഇരുകൈകളും നീട്ടി വരവേറ്റ് കണ്ണൂര്‍. മുന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഗാലറികൾ നിറഞ്ഞു കവിഞ്ഞിരുന്നു. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ഏറ്റുമുട്ടിയ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശൂര്‍ മാജിക് എഫ്സിയും വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ഫുട്ബോള്‍ ആരാധകരില്‍ ആവേശം നിറഞ്ഞു.
കണ്ണൂര്‍ വാരിയേഴ്സിന്റെ ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്സ് ഗാലറികളിൽ ആവേശത്തിന്റെ അലകൾ തീർത്തു. ടീം ലൈനപ്പ് ചെയ്യുമ്പോള്‍ റെഡ് മറൈനേഴ്സ് കണ്ണൂരിന്റെ പൈതൃകത്തെ ഓർമപ്പെടുത്തുന്ന കൂറ്റൻ ബാനർ ഉയർത്തി. തൃശൂരില്‍ നിന്ന് തൃശൂര്‍ മാജിക് എഫ്സിയുടെ ആരാധകരും ജവഹര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.
മത്സരത്തില്‍ ആദ്യ പകുതിയില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധ താരം റിജോണ്‍ ജോസിന് ആദരവായി അദ്ദേഹത്തിന്റെ ജഴ്സി നമ്പറായ 44നെ ഓര്‍മ്മിച്ച് 44 ാം മിനുട്ടില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ആരാധക കൂട്ടായ്മ ബാനറുയര്‍ത്തി. എക്കാലവും ഞങ്ങളുടെ ഹൃദയത്തില്‍ എന്ന് എഴുതിയ ബാനറായിരുന്നു ഉയര്‍ത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ടി.ഒ. മോഹനന് എംഎൽഎ, മേയർ പി. ഇന്ദിര, ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ ഫിറോസ് മീരാന്‍, സിഇഒ. മാത്യു ജോസഫ്, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി ചെയര്മാന് ഡോ. എം.പി. ഹസ്സന് കുഞ്ഞി, ഡയറക്ടര്‍മാരായ ആസിഫ് അലി, കെ.എം. വര്‍ഗീസ്, തൃശൂര്‍ മാജിക് എഫ്സി ഉടമ ജസ്റ്റിന് സ്റ്റീഫന്‍, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് വി.കെ. അബ്ദുല്‍ നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാവരും ചേര്‍ന്ന് താരങ്ങള്‍ക്ക് ഹസ്ദാനവും നടത്തി. എസ്എല്‍കെ ഭാരവാഹികള്‍ ചേര്‍ന്ന് ട്രോഫി ഗ്രൗണ്ടില്‍ അവതരിപ്പിച്ചു. സൂപ്പര്‍ ലീഗ് കേരളയിലെ എല്ലാ ടീമുകളുടെയും ഭാരവാഹികളെയും ഗ്രൗണ്ടില്‍ അവതരിപ്പിച്ചു.
കളര്‍ഫുള്‍ സംഗീത പരിപാടിയും
മത്സരത്തിന്റെ ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി വിവിധ കലാപരിപാടികളും റാപ് ഷോയും അരങ്ങേറി. ലൈവ് ഡിജെ പരിപാടികള്‍ നടന്നു. എംഎക്സ്ആര്ഡെറര്, എംസി കൂപ്പര്‍, ഡാസില്‍ തുടങ്ങിയവരുടെ ലൈവ് പരിപാടി നടന്നു.
മത്സരത്തിന്റെ ഇടവേളയില്‍ ഡബ്സിയുടെ റാപ് ഷോയും നടന്നു. സംഗീത പരിപാടി ഉദ്ഘാടന മത്സരത്തിന്റെ മാറ്റ് കൂട്ടി. കൂടാതെ കഥകളി, കളരി എന്നീ പരിപാടികളും അരങ്ങേറി.
ആവേശമായി സ്പെഷല്‍ സ്കൂൾ കുട്ടികള്‍
കണ്ണൂര്‍ തോട്ടടയിലെ ആശ്രയം സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഉദ്ഘാടന മത്സരത്തില്‍ കളിക്കാര്‍ക്കൊപ്പം ഗ്രൗണ്ടിലേക്ക് എസ്കോട്ട് ചെയ്തു. കഴിഞ്ഞ സീസണില്‍ സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ക്ക് കണ്ണൂര്‍ വാരിയേഴ്സ് ടീം അംഗങ്ങള്‍ക്കൊപ്പം സംസാരിക്കാനും ഫോട്ടോ എടുക്കാനും അവസരം ലഭിച്ചിരുന്നു.
കുടുംബത്തോടൊപ്പം മത്സരവും കണ്ടതിന് ശേഷമാണ് കുട്ടികള്‍ വീട്ടിലേക്ക് പോയത്.
Tags : NattuVishesham.DistricteNews