തൃശൂർ: ഡ്രൈവിംഗ് ടെസ്റ്റ് പണ്ടത്തെപ്പോലെയല്ല, ഇനിമുതൽ കടുപ്പം അൽപം കൂടും. ലൈസൻസ് കിട്ടണമെങ്കിൽ ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് എന്നൊരു പരീക്ഷണംകൂടി വിജയിക്കേണ്ടിവരും.
ഇതുവരെ മൂന്നു പരീക്ഷകൾ മാത്രമാണു ലൈസൻസ് കിട്ടാൻ വിജയിക്കേണ്ടിയിരുന്നത്. ഇനിയങ്ങോട്ട് നാലു കടന്പ കടക്കണം. ലേണേഴ്സ് ടെസ്റ്റ്, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിവയ്ക്കു പുറമെ ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും പാസാകണം!
ലേണേഴ്സ് കഴിഞ്ഞായിരിക്കും ഹസാർഡ് ടെസ്റ്റ്. ഇതു വിജയിച്ചാൽ മാത്രമേ ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റുമെല്ലാം നടക്കൂ. വാഹനത്തിലോ റോഡിലോ ഒന്നുമല്ല, കംപ്യൂട്ടറിനോടു മല്ലിട്ടാണ് ഈ പരീക്ഷ വിജയിക്കേണ്ടത്. പുതിയ പരീക്ഷ ഡ്രൈവിംഗ് സ്കൂളുകാർക്കു തലവേദന സൃഷ്ടിക്കും. പരീക്ഷാനടപടികൾ സങ്കീർണമാകും. ഡ്രൈവിംഗ് പഠനച്ചെലവും വർധിക്കും.
ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്
റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനുള്ള വ്യക്തിയുടെ ശേഷി പരിശോധിക്കുന്ന, ഡ്രൈവിംഗിനിടെ ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകൾ തിരിച്ചറിയാനുള്ള കഴിവാണു ടെസ്റ്റിലൂടെ വിലയിരുത്തുന്നത്. ഒരു മിനിറ്റ് വീതം ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകൾ അടങ്ങിയതായിരിക്കും പരീക്ഷ. വീഡിയോയിലെ അപകടസാധ്യതകൾ കൃത്യസമയത്തു ക്ലിക്ക് ചെയ്തു തിരിച്ചറിയണം. വൈകുന്നതിനനുസരിച്ചു മാർക്ക് കുറയും. ടെസ്റ്റിൽ വിജയിക്കാൻ നൂറിൽ കുറഞ്ഞത് 60 മാർക്ക് നിർബന്ധമാണ്. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിക്കുന്നവർക്കു മാത്രമേ തുടർന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കൂ.
ഡ്രൈവിംഗ് സ്കൂളിനു
സമയനഷ്ടം, പണച്ചെലവ്
പുതിയ ടെസ്റ്റ് ഉൾപ്പെടുത്തിയതു ഡ്രൈവിംഗ് സ്കൂളുകാർക്കു പണച്ചെലവുണ്ടാക്കും. ഇതിനുവേണ്ടി അധുനിക കംപ്യൂട്ടർ സംവിധാനങ്ങളും അവ സ്ഥാപിക്കാനുള്ള സ്ഥലവും ഒരുക്കണം. ഇതിനായി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് ഡിസംബർ ഒന്നുമുതൽ നടപ്പാക്കാനാണു ഗതാഗതവകുപ്പ് തീരുമാനം. അതിനു മുന്നോടിയായി ഡ്രൈവിംഗ് സ്കൂളുകൾ വിദ്യാർഥികൾക്കു കംപ്യൂട്ടർ അധിഷ്ഠിത പരിശീലനം നൽകേണ്ടതുണ്ട്. ഇതിനാവശ്യമായ സൗകര്യങ്ങൾ ഡ്രൈവിംഗ് സ്കൂളുകളിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഒക്ടോബർ ഒന്നുമുതൽ ആർടിഒമാർ പരിശോധന ആരംഭിക്കും.
റോഡപകടങ്ങൾ കുറയ്ക്കാനും ഡ്രൈവിംഗ് സുരക്ഷ ഉറപ്പാക്കാനുമാണു പുതിയ തീരുമാനമെന്നാണു ഗതാഗതവകുപ്പ് കമ്മിഷണർ പറയുന്നത്.
Tags : NattuVishesham.DistricteNews