ഓപറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ കളക്ടര് എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയ
കോഴിക്കോട്: ഓപറേഷൻ തൂഫാന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ 28ന് ജില്ലയിലെ 1692 വാർഡുകളിൽ പ്രത്യേക ഗ്രാമസഭകൾ ചേരും. പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല ആലോചനാ യോഗം ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രത്യേക ഗ്രാമസഭകളുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ ഫ്ലാഗ് ഉയർത്തും. തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, ബോധവത്കരണ ക്ലാസുകൾ, വീഡിയോ പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കും.
ഓരോ ഗ്രാമസഭയിൽ നിന്നും പത്തിൽ കുറയാത്ത തൂഫാൻ വാരിയർമാരെ കണ്ടെത്തി തൂഫാൻ വളണ്ടിയർ ഫോഴ്സ് രൂപീകരിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന പ്രവർത്തകർ, വിദ്യാർഥികൾ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, യുവജനങ്ങൾ, അധ്യാപകർ, സർവീസ് പെൻഷൻകാർ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.
പ്രത്യേക ഗ്രാമസഭകളുടെ സംഘാടനത്തിന് ശേഷം വാർഡ് തല ജാഗ്രതാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ലഹരിക്ക് അടിമപ്പെട്ടവരുടെ സമഗ്ര പുനരധിവാസത്തിനും രഹസ്യ വിവരശേഖരണത്തിനും യുവജന-വിദ്യാർഥി പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള തുടർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.ഓപറേഷൻ തൂഫാനുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച് അസി. പൊലിസ് കമ്മീഷണർ പ്രമോദ് സംസാരിച്ചു.