അകമ്പാടം അങ്ങാടിയിൽനിന്നുള്ള കാഴ്ച.
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തില്‍ തെരുവുനായകളുടെ ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ സിരാകേന്ദ്രമായ അകമ്പാടം അങ്ങാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നായകളുടെ വലിയ കൂട്ടമാണ് തമ്പടിച്ചിരിക്കുന്നത്. ടൗണില്‍ മാത്രം 10ലേറെ നായകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, ആശുപത്രികള്‍, സ്കൂള്‍ പരിസരങ്ങള്‍, പ്രധാന റോഡുകള്‍ എന്നിവിടങ്ങളിലെല്ലാം നായകളുടെ ഭീഷണിയുണ്ട്. എരഞ്ഞിമങ്ങാട്, ഇടിവണ്ണ, എളമ്പിലാക്കോട്, നമ്പൂരിപ്പൊട്ടി, പെരുവമ്പാടം പ്രദേശങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്.
കഴിഞ്ഞ ദിവസം വീടിന് പുറത്തിറങ്ങിയ വീട്ടമ്മയ്ക്ക് തെരുവുനായകളുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. രാവിലെ മദ്രസകളില്‍ പോകുന്ന കുട്ടികളും പള്ളികളിലും ക്ഷേത്രങ്ങളിലും പോകുന്ന തീര്‍ഥാടകരും ഒരുപോലെ ഭയന്നാണ് സഞ്ചരിക്കുന്നത്. ശല്യക്കാരായ നായകളെ മാറ്റാന്‍ ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കണമെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും ചാലിയാര്‍ പഞ്ചായത്തില്‍ ഇത് നടപ്പായിട്ടില്ല.