പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: വേങ്കോട് എസ്യുടി മെഡിക്കൽ കോളജിൽ പുതിയ കാത്ത് ലാബിന്റെയും റോബോട്ടിക് സർജറിയുടെയും ഉദ്ഘാടനം ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ 27ന് രാവിലെ 11 ന് നിർവഹിക്കും. എസ്യുടി മെഡിക്കൽ കോളജ് ചെയർമാൻ ഡോ. എ.സി. ഷൺമുഖം അദ്ധ്യക്ഷത വഹിക്കും.
സങ്കീർണമായ ശസ്ത്രക്രിയകൾ ഏറ്റവും കൃത്യതയോടെയും സുരക്ഷിതമായും നിർവഹിക്കാൻ റോബോട്ടിക് സർജറി സംവിധാനത്തിലൂടെ സാധിക്കും. ഉയർന്ന കൃത്യത, 3ഡി എച്ച്ഡി കാഴ്ച, വളരെ ചെറിയ മുറിവുകൾ, കുറഞ്ഞ രക്തസ്രാവം, വേഗത്തിലുള്ള രോഗമുക്തി, അണുബാധയ്ക്കുള്ള സാധ്യത വളരെ കുറവ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
ജനറൽ സർജറി, യൂറോളജി, ഇഎൻടി, ഗൈനക്കോളജി, ഓങ്കോളജി വിഭാഗങ്ങളിലാണ് നിലവിൽ റോബോട്ടിക് സർജറി സേവനം ലഭിക്കുക. സങ്കീർണമായ ഹൃദ്രോഗ നിർണയത്തിനും ചികിത്സയ്ക്കും നെടുമങ്ങാട്ടെ പ്രധാന കേന്ദ്രമായി എസ്യുടി മാറും. ഹൃദയാഘാത സമയത്ത് അടിയന്തര ജീവൻരക്ഷാ ചികിത്സ നൽകുന്ന എമർജൻസി ആൻജിയോപ്ലാസ്റ്റി (പ്രൈമറി പിസിഐ ), ഹൃദയ ധമനികളിലെ തടസങ്ങൾ കൃത്യമായി കണ്ടെത്തുന്ന കൊറോണറി ആൻജിയോഗ്രാം (കൊറോണറി ആൻജിയോ ഗ്രാം ), സങ്കീർണമായ തടസങ്ങൾ മാറ്റുന്ന കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി ആൻഡ് സ്റ്റെന്റിംഗ് എന്നീ സേവനങ്ങളും ലഭ്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി 0472 25875 എന്ന നമ്പറിൽ ബന്ധപ്പെടാം.
പ്രിൻസിപ്പൽ ഡോ. ഭാസ്കർ, ഡീൻ ഡോ. ജയലക്ഷ്മി, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജപ്രദീപ്, ആർഎംഒ ഡോ. സെൽമത്, ചീഫ് അഡ്മിൻ ഓഫീസർ എൽഫജ് തെജൻ, ചീഫ് വിജിലൻസ് ഓഫീസർ അനിൽകുമാർ, ചീഫ് അക്കൗണ്ട്സ് ഓഫീസർ ആർ. വിനോദ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Medical College