സർവ്വകക്ഷി നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. കെ. സി. ജോസഫ് ആദരിക്കൽ ചടങ്ങ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
രാമങ്കരി: നാടിന്റെ നന്മയ്ക്ക് ഒരു എംഎൽഎ എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ ഏറ്റവും വലിയ മാതൃകയായിരുന്നു ഡോ. കെ.സി. ജോസഫെന്ന് മന്ത്രി മോൻസ് ജോസഫ്. മങ്കൊന്പിൽ സർവ്വകക്ഷി നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. കെ.സി. ജോസഫിനെ ആദരിക്കുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ ജനകീയവും വികസനപരവുമായ ആവശ്യങ്ങൾക്കു വേണ്ടി നേരിട്ട് ഇടപെടുകയും അത് സാധിച്ചെടുത്ത ശേഷം മാത്രം മടങ്ങിപ്പോകുകയും ചെയ്യുന്ന മിടുക്കന്മാരായ എംഎൽഎമാരിൽ ഒരാളായിരുന്നു അദ്ദേഹം.
കെ. സി. ജോസഫ് നേതൃത്വം നല്കിയ വികസ മുന്നേറ്റം കാലാനുസൃതമായ മാറ്റങ്ങളോടെ തുടരാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇന്ന് കുട്ടനാട് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും ഒഴിവാക്കുവാൻ കഴിയുമായിരുന്നു. ജനാധിപത്യത്തിൽ സംഭവിക്കുന്ന ചില പിഴവുകൾ മാത്രമായേ താൻ അതിനെ കാണുന്നുള്ളു. കുട്ടനാട്ടിൽ ഇനിയും ഒട്ടേറെ കാര്യങ്ങൾ നടപ്പാക്കാനുണ്ട്.
അതിനുള്ള നല്ലൊരു തുടക്കം കൂടിയാണിത്. വരുന്ന അഞ്ചുവർഷത്തിനുള്ളിൽ കുട്ടനാടിന്റെ കുടിവെള്ള പ്രശ്നങ്ങൾക്ക് തൃപ്തികരമായ പരിഹാരം കാണും.
വെള്ളപ്പൊക്ക കെടുതിമൂലം വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻ എത്ര കോടി രൂപ മുടക്കിയായാലും ഇവിടത്തെ തോടുകളും കനാലുകളും ശുചീകരിക്കുവാനുള്ള സാധ്യമായ നടപടികൾ സമയബന്ധിതമായി നടപ്പാക്കും. വീടില്ലാത്തവർക്ക് വീട് നല്കുവാനുള്ള പുതിയൊരു പദ്ധതി ഗവൺമെന്റ് തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
റെജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണവും സജി ചെറിയാൻ എംഎൽഎ ആശംസാ പ്രസംഗവും നടത്തി.
ജില്ലാപഞ്ചായത്തംഗം സി.വി. രാജീവ് അഡ്വ. ജേക്കബ് ഏബ്രഹാം, ചന്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, കെ. ഗോപകുമാർ, ജോസ് കോയിപ്പിള്ളി, രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ജോസി ഡൊമിനിക് തേവേരി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews