പ്രതീകാത്മക ചിത്രം
കുണ്ടറ: കേരളത്തിലെ തന്നെ ഹെവി സ്റ്റേഷനുകളില്‍ ഒന്നാണ് കുണ്ടറ. ഒരു പൊലിസ് സ്റ്റേഷനു കീഴില്‍ സാധാരണ മൂന്നു പഞ്ചായത്തുകളാണ് സാധാരണ ഉണ്ടാവുക. എന്നാല്‍, കുണ്ടറയില്‍ ആറു പഞ്ചായത്തും രണ്ടു വാര്‍ഡുകളുമുണ്ട്. അതുകൊണ്ടുതന്നെ എസ്എച്ച്ഒയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സ്റ്റേഷന്.
എന്നാല്‍, ഇത്രയും പഞ്ചായത്തുകള്‍ സ്റ്റേഷനു കീഴിലുണ്ടെങ്കിലും ആവശ്യത്തിന് പൊലിസുകരില്ലാതെ ദുരിതത്തിലാണ് പൊലിസ് സ്റ്റേഷന്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍, ട്രാഫിക്, ക്രമസമാധാനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വലിയ പ്രയാസമാണ് സ്റ്റേഷന് നേരിടുന്നത്. പലപ്പോഴും സ്റ്റേഷന്റെ കാവലിനു പോലും പൊലിസുകാരില്ലാത്ത അവസ്ഥയാണ്.
മോഷണക്കേസില്‍ കരുതല്‍ അറസ്റ്റിലായിരുന്ന പ്രതി ലോക്കപ് തുറന്ന് ഇറങ്ങിപ്പോയിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാര്‍പോലും അറിയുന്നത് മണിക്കുറുകള്‍ കഴിഞ്ഞാണ്.
കഴിഞ്ഞ നാലുമാസത്തിനിടെ 35 മോഷണക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ മാസത്തില്‍ അടുത്തടുത്ത ദിവസങ്ങളിലായി അഞ്ചു കുരിശടികളില്‍ മോഷണം നടന്നു ഇതുവരെയും പ്രതികളെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. കൂടാതെ നിര്മാണത്തിലിരിക്കുന്നവീടുകള് അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളും പെരുകുകയാണ്. ഇവിടെയെല്ലാം കേസെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഏപ്രില്‍ 13ന് രാത്രി കുണ്ടറ പുളിമുക്കിലെ അടഞ്ഞു കിടന്ന കശുവണ്ടി ഫാക്ടറിയില്‍ മോഷണം നടന്നു. ഇതിന് എതിരെ ഫാക്ടറി മാനേജര്‍ കുണ്ടറ പൊലിസില്‍ പരാതിയും നല്കി. എന്നാല്‍ അന്വേഷണ പുരോഗതി ഇല്ലാത്തതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കളെ തിരിച്ചറിഞ്ഞ ഫാക്ടറി ജീവനക്കാര്‍ തന്നെയാണ് ഇവരുടെ വീട് പൊലിസിന് കാട്ടിക്കൊടുത്തത്. പൊലിസ് പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ മാസം ഇതേ ഉടമയുടെ പേരയം, അമ്പലത്തും കാല ഫാക്ടറികളില്‍ വീണ്ടും മോഷണം നടത്തി.
അടിയന്തര ആവശ്യങ്ങള്‍ക്കായി ടാക്സി വിളിച്ച് പോകേണ്ട അവസ്ഥയിലാണ് കുണ്ടറയിലെ പൊലിസുകാര്‍. എസ്എച്ച്ഒയ്ക്കു പോലും വാഹനമില്ലാത്ത അവസ്ഥയാണ്. സ്റ്റേഷന് വാഹനങ്ങള്‍ മൂന്ന് ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം പ്രവര്‍ത്തനരഹിതമായതോടെ വകുപ്പ് തിരിച്ചെടുത്തു. എസ്ഐയുടെ വാഹനം ആഴ്ചകളായി വര്‍ക്ക് ക്ക് ഷോപ്പിലാണ്. എസ്എച്ച്ഒയുടെ വണ്ടി അരമണിക്കൂര്‍ ഓടിയാല്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയിട്ട് തണുപ്പിക്കേണ്ട സ്ഥിതിയിലാണ്. അടിയന്തര ഘട്ടങ്ങളില്‍ സമീപ സ്റ്റേഷനുകളില്‍ നിന്ന് വാഹനമെത്തിക്കുകയാണ് പതിവ്.
നിലവില്‍ കുണ്ടറ സ്റ്റേഷനിലെ എട്ടു സിപിഒമാര്‍ അവധിയിലാണ്. ഏറെ പേരും ദീര്‍ഘകാല അവധിയിലുണ്. അഞ്ചു എസ്ഐ മാര്‍ വേണ്ടിടത്ത് ആകെയുള്ളത് ഒരു എസ്ഐ. വനിതാ എസ്ഐ ഇല്ല. 16 സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരുടെ സ്ഥാനത്ത് ഒമ്പതുപേര്‍ മാത്രമാണ് ഉള്ളത്.
പല ദിവസങ്ങളിലും രാത്രിയില്‍ വനിതാ ഉദ്യോഗസ്ഥരെ മറ്റു സ്റ്റേഷനുകളില്‍ നിന്ന് ഇങ്ങോട്ട് അയക്കാറാണ് പതിവ്. മാസത്തില്‍ ഏറ്റവും കുറഞ്ഞത് 300 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്ന കുണ്ടറയില്‍ എങ്ങനെ സ്റ്റേഷന് പ്രവര്‍ത്തനം നടത്തുമെന്നാണ് പൊലിസുകാര്‍ ചോദിക്കുന്നത്.
പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം വിശ്രമം നല്കാന് ഗവണ്മെന്റ് തീരുമാനിച്ചെങ്കിലും കുണ്ടറയില്‍ ജോലിഭാരം കൂടിയത് പൊലിസ് ഉദ്യോഗസ്ഥരില്‍ ശാരീരിക മാനസിക സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്.
സ്റ്റേഷനിലേക്ക് നിയമിക്കുന്നവര്‍ ജോലിയില്‍ പ്രവേശി ക്കാന്‍ മടിക്കുകയാണ്. ട്രാഫിക് നിയന്ത്രണത്തിനും പൊലിസിനെ നിയോഗിക്കാന്‍ കഴിയുന്നില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരത്തില്‍ ട്രാഫിക് പൊലീസിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ട്. ഓണക്കാലത്ത് തെരക്ക് നിയന്ത്രിക്കാനായി മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിര്‍ദേശ പ്രകാരം 10 പേരെ മറ്റ് യൂണിറ്റുകളില്‍ നിന്ന് പ്രത്യേകം നിയോഗിക്കുകയായിരുന്നു.
കുണ്ടറ സ്റ്റേഷനില്‍ ആകെ വേണ്ട അംഗസംഖ്യ
എസ്എച്ച്ഒ - ഒന്ന്
എസ്ഐമാര്‍ - അഞ്ച്
വനിതാ എസ്ഐ - ഒന്ന്
എഎസ്ഐ - മൂന്ന്
എസ്സിപിഒ - 16
സിപിഒ - 30
വനിതാ സിപിഒ - എട്ട്
ഡ്രൈവര്‍ - ഒന്ന്
ആകെ - 65
നിലവിലെ അംഗസംഖ്യ
എസ്എച്ച്ഒ -ഒന്ന്
എസ്ഐ - ഒന്ന്
എഎസ്ഐ - ഒന്ന്
എസ് സിപിഒ - ഒമ്പത്
സിപിഒ - 25 (സസ്പെന്‍ഷനിലുള്ള ഒരാളെ കുടി
കൂട്ടിയാല്‍ 26)
വനിതാ സിപിഒ - എട്ട്
ആകെ - 48