കൊടുവായൂർ ആൽത്തറയിൽ തകർച്ചാഭീഷണിയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രം.
കൊടുവായൂർ: ആൽത്തറ ബസ് സ്റ്റോപ്പ് വിശ്രമകേന്ദ്രം കോൺക്രീറ്റ് പൂർണമായും തകർന്ന് തകർച്ച ഭീഷണിയിലായിരിക്കുകയാണ്. മുപ്പത് വർഷം മുന്പ് പണിത കെട്ടിടത്തിൽ ഇതുവരേയും അറ്റകുറ്റപണികൾ നടത്താത്തതിനാൽ കോൺക്രീറ്റ് ഭാഗം പൂർണമായും ഇളകിവീണിരിക്കുകയാണ്. യാത്രക്കാർ അകത്ത് കയറിയാൽ അപകടസാധ്യത കണക്കിലെടുത്ത് മുളവടി കെട്ടി പ്രവേശനം തടഞ്ഞിരിക്കുകയാണ്.
ആൽത്തറയിൽ നിന്നും പിട്ടുപീടിക, നെന്മാറ, ആലത്തൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഈ കെട്ടിടത്തിനകത്താണ്. വെയിൽ കനത്തതോടെ റോഡിൽ നിൽക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
വ്യാപാരസ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ ഈ ഭാഗം വിസ്താരകുറവെന്നതിനാൽ യാത്രക്കാർക്ക് നിൽക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വ്യാപാര സ്ഥാപനങ്ങളുടെ സൺഷെയ്ഡിന് താഴെ നിൽക്കുന്നവർ ബസ് എത്തുമ്പോൾ ഓടിക്കയറുന്നത് തീർത്തും സുരക്ഷിതമില്ലാതായിരിക്കുകയാണ്. തൃശൂർ - പൊള്ളാച്ചി അന്തർ സംസ്ഥാന പാത യെന്നതിനാൽ നൂറുകണക്കിനു വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
ഇക്കഴിഞ്ഞമാസം കാറിടിച്ച് ടൗണിലെ വ്യാപാരിയായ ബൈക്ക് യാത്രികൻ സംഭവസ്ഥലത്തുതന്നെ ജീവൻ പൊലിഞ്ഞ അപകടവും നടന്നിട്ടുണ്ട്. സ്ഥലത്ത് ഗണപതി ക്ഷേത്ര ദർശനത്തിന് രാവിലെയും വൈകുന്നേരത്തും നിരവധി പേർ എത്തുന്ന സ്ഥലമാണിത്. ഇവരെല്ലാം സ്ഥലത്ത് വിശ്രമകേന്ദ്രത്തിനകത്തായിരുന്നു ബസ് കാത്തിരുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി വിശ്രമ കേന്ദ്രം പൊളിച്ചുനീക്കി പുതിയത് നിർമിക്കേണ്ടത് അത്യാവശ്യ മാണെന്നാണ് ജനങ്ങൾ പറയുന്നത്.
Tags : NattuVishesham DistrictNews