കോയമ്പത്തൂർ പി.കെ. ദാസ് ഡീംഡ് യൂണിവേഴ്സിറ്റിയും ബ്രിക്സ് ഇന്റർനാഷണൽ ഫെഡറേഷനും തമ്മിലുള്ള ധാരണാപത്രം കൈമാറുന്നു.
കോയമ്പത്തൂർ: അന്താരാഷ്ട്ര വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോയമ്പത്തൂർ പി.കെ. ദാസ് ഡീംഡ് യൂണിവേഴ്സിറ്റിയും ബ്രിക്സ് ഇന്റർനാഷണൽ ഫെഡറേഷനും തമ്മിലുള്ള ധാരണാപത്രം കൈമാറി.
അക്കാദമികരംഗത്ത് പുതിയ അവസരങ്ങൾ തുറക്കുക, അറിവുകൾ പങ്കുവെക്കുക, വിദ്യാർഥികൾക്ക് ആഗോളതലത്തിലുള്ള തൊഴിൽ-വിദ്യാഭ്യാസ സാധ്യതകൾ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
ചടങ്ങിൽ ബ്രിക്സ് ഇന്റർനാഷണൽ ഫെഡറേഷന്റെ ഇന്ത്യൻ പ്രതിനിധി മിതാലി ജി. ട്രോചിൻ, റഷ്യയിൽ നിന്നുള്ള ഹെർബലൈഫ് ബോർഡ് മെംബറും അന്താരാഷ്ട്ര ചെയർമാനുമായ വിക്ടർ ട്രോചിൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
നൂതനമായ ആഗോള പങ്കാളിത്തങ്ങളിലൂടെ വിദ്യാർഥികൾക്കും അധ്യാപകർക്കും വിദേശ രാജ്യങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഗവേഷകരുമായും ബന്ധപ്പെടാൻ അവസരമൊരുങ്ങുമെന്ന് ചടങ്ങിൽ സംസാരിച്ച നെഹ്റു ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയും സെക്രട്ടറിയും പി.കെ. ദാസ് ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ.പി. കൃഷ്ണകുമാർ വ്യക്തമാക്കി.
വിദ്യാർഥികൾക്ക് ക്ലാസ് മുറികൾക്കപ്പുറമുള്ള അനുഭവങ്ങളും ഗവേഷണ അവസരങ്ങളും പ്രഫഷണൽ കോൺടാക്റ്റുകളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പി.കെ. ദാസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എച്ച്.എൻ. നാഗരാജർ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ആർക്കിടെക്ട്സ് യൂത്ത് മെംബർ ആന്ദ്രെ ജി. ട്രോചിൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മോട്ടിവേഷണൽ പാനൽ ചർച്ചയിൽ അതിഥികൾ വിദ്യാർഥികളുമായി തങ്ങളുടെ അനുഭവങ്ങളും വിജയരഹസ്യങ്ങളും പങ്കുവെച്ചു.
സംയുക്ത ഗവേഷണ പദ്ധതികൾ, ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ, അന്താരാഷ്ട്ര തൊഴിൽ സാധ്യതകൾ എന്നിവയ്ക്ക് ഈ ധാരണാപത്രം വഴിയൊരുക്കും. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ.എ. മുരളീധരന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ ഏകോപിപ്പിച്ചത്.
Tags : NattuVishesham DistrictNews