വള്ളികയറിയ ഇലക്ട്രിക് പോസ്റ്റ്.
അയിലൂർ: നെന്മാറ-ഒലിപ്പാറ പൊതുമരാമത്ത് റോഡിൽ വഴിവിളക്ക് സ്ഥാപിച്ചിട്ടും റോഡിലേക്ക് വെളിച്ചം ലഭിക്കാത്ത സ്ഥിതിയെന്ന് പരാതി. വഴിവിളക്ക് പോസ്റ്റുകൾക്ക് ചുറ്റും കാടും വള്ളികളും പടർന്നുകയറിയതോടെ രാത്രികാല യാത്രക്കാർക്ക് പ്രയോജനപ്പെടേണ്ട വെളിച്ചം റോഡിലെത്താത്ത അവസ്ഥയാണ്.
പല സ്ഥലങ്ങളിലും വള്ളികൾ പോസ്റ്റിൽ പടർന്ന് താഴെവരെ എത്തിയിട്ടുണ്ട്.
വൈദ്യുതി പ്രവഹിക്കുന്ന പോസ്റ്റുമായി വള്ളികൾക്കും മറ്റും സമ്പർക്കമുണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ വൈദ്യുതാഘാതത്തിനുള്ള സാധ്യതയും ഉണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ലഭ്യതയിൽതന്നെ പലപ്പോഴും തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വഴിവിളക്കുകൾ പോലും കാടുകയറിയതിനാൽ പ്രയോജനപ്പെടാത്തത് അധികൃതരുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്നും നാട്ടുകാർ പറയുന്നു.
നെന്മാറ മുതൽ ഒലിപ്പാറ വരെയുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള തെരുവുവിളക്ക് പോസ്റ്റുകൾ പരിശോധിച്ച് പോസ്റ്റുകളിലും വിളക്കുകളിലും പടർന്നുകയറിയ വള്ളികളും കാടുകളും അടിയന്തരമായി വെട്ടിമാറ്റണമെന്നാണ് ആവശ്യം. അപകടസാധ്യത ഒഴിവാക്കുന്നതിനായി വൈദ്യുതി ലൈനുകളോടും പോസ്റ്റുകളോടും ചേർന്നുള്ള സസ്യവളർച്ച ശാസ്ത്രീയമായി നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പ്രദേശത്തെ വഴിവിളക്കുകൾ റോഡിന് യഥാർഥത്തിൽ പ്രയോജനപ്പെടുന്ന തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയും അപകടസാധ്യതയുള്ള വള്ളികളും മറ്റും നീക്കം ചെയ്യുകയും ചെയ്യണമെന്ന് സിപിഐ അയിലൂർ ലോക്കൽ കമ്മിറ്റി അംഗങ്ങളായ കുട്ടൻ മണലാടി, വി. വിജയൻ എന്നിവർ ആവശ്യപ്പെട്ടു.
വിഷയം സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെയും കെഎസ്ഇബി അധികൃതരുടെയും ശ്രദ്ധയിൽ രേഖാമൂലം പെടുത്തിയതായും ഇവർ അറിയിച്ചു.
Tags : NattuVishesham DistrictNews