തൃശൂർ ഡിസിസി ഓഫിസിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസംഗിക്കുന്നു.
തൃശൂർ: യുഡിഎഫ് സർക്കാരിന്റെ കൈയൊപ്പു പതിഞ്ഞ വൻ വികസനപദ്ധതികൾ തൃശൂരിൽ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തിൽ നിർണായകസ്ഥാനമുള്ള ജില്ലയാണു തൃശൂർ. ഈ നാടിന്റെ തനതായ കലാസാംസ്കാരിക, സാമൂഹിക പാരന്പര്യത്തെ വർത്തമാനകാലത്തിന്റെ ശൈലിയിൽ ഉന്നത നിലവാരത്തിലേക്ക് ഉയർത്തും.
ജനങ്ങൾക്ക് യുഡിഎഫ് സർക്കാരിലുള്ള വലിയ പ്രതീക്ഷ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും. നൽകിയ വാഗ്ദാനങ്ങൾ പൂർണമായും പാലിക്കും. കേരളത്തെ പുതുയുഗത്തിലേക്കു നയിക്കാനുള്ള യാത്രയ്ക്കു തുടക്കമായിക്കഴിഞ്ഞു.
പരന്പരാഗത ഭരണശൈലികളിൽനിന്നുള്ള വ്യക്തമായ മാറ്റമായിരിക്കും ഈ യുഡിഎഫ് സർക്കാരിന്റെത്. നൽകിയ വാക്കുകൾ കൃത്യമായി പാലിച്ച്, അഞ്ചു വർഷങ്ങൾക്കുശേഷം 110ലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിൽ തുടരുമെന്നും വി.ഡി. സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിയ മുഖ്യമന്ത്രിയെ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഷാൾ അണിയിച്ചു സ്വീകരിച്ചു.
നേതാക്കളായ ടി.എൻ. പ്രതാപൻ, രാജൻ പല്ലൻ എംഎൽഎ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശേരി, കെ.വി. ദാസൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews