തെരുവുനായ്ക്കൾ
നെയ്യാറ്റിന്‍കര: തെരുവു നായകളെ പിടികൂടി വന്ധ്യംകരിച്ച് ഷെൽട്ടർ ഹോമിൽ സംരക്ഷിക്കുന്ന പദ്ധതിക്ക് ഡിപിസിയുടെ അംഗീകാരം ലഭിച്ചതായി നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ, വൈസ് ചെയര്മാന് കെ.കെ. ഷിബു എന്നിവര്‍ അറിയിച്ചു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് വൈസ് ചെയര്മാന് കൂട്ടിച്ചേര്‍ത്തു. നെയ്യാറ്റിന്‍കര നഗരസഭയിലെ 46 വാര്‍ഡുകളിലും തെരുവു നായകള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്ന് തെരുവു നായകളെ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി ഉപേക്ഷിക്കുന്നതായും ആക്ഷേപമുണ്ട്. സ്കൂള്‍ പരിസരങ്ങളില്‍ കാണപ്പെടുന്ന തെരുവു നായകളുടെ സാന്നിധ്യം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
നഗരസഭ ഓഫീസിനു എതിര്‍വശത്തെ നെയ്യാറ്റിന്‍കര ഗവ. ജെബിഎസിലേയ്ക്കുള്ള പാതയില്‍ തെരുവു നായകള്‍ വിഹരിക്കുന്നത് പതിവു കാഴ്ചയാ ണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തും രാത്രിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ തെരുവു നായകളുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര കൂട്ടപ്പനയ്ക്കു സമീപം മൂന്നുപേരെ ആക്രമിച്ച തെരുവു നായയ്ക്ക് പേ വിഷ ബാധയുള്ളതായി സ്ഥിരീകരിച്ചിരുന്നു.
കൂട്ടപ്പന, മൂന്നുകല്ലിന്മൂട്, പേരന്നൂര്‍ മുതലായ അടുത്തടുത്ത വാര്‍ഡുകളിലെ വളര്‍ത്തു നായകള്‍ക്കായി കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവയ്പ് സൗകര്യം ക്രമീകരിച്ചിരുന്നു. റാബിസ് ടാസ്ക് ഫോഴ്സുമായി ചേര്‍ന്ന് തെരുവു നായകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്കി. അതേ സമയം, തെരുവുനായ നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ നഗരസഭ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെയുണ്ട്.
കഴിഞ്ഞ ദിവസം പേവിഷ ബാധയുള്ള നായ മൂന്നുപേരെ ആക്രമിച്ച സംഭവത്തിനു ശേഷമാണ് പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള നടപടികള്‍ നഗരസഭ കൈക്കൊണ്ടിരിക്കുന്നത്. ഷെല്‍ട്ടര്‍ ഹോം പദ്ധതി അംഗീകരിച്ച സാഹചര്യത്തില്‍ ജനങ്ങളു ടെ ആശങ്കകള്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി.
Tags : Nattuvishesham DistrictNews DeepikaNews stray dog